നിർബന്ധിത മതപരിവർത്തനം: ക്രിസ്ത്യൻ കൗമാരക്കാരനെ പാക്കിസ്ഥാനിലെ മുസ്ലീം തൊഴിലുടമകൾ തടവിലാക്കി

പാക്കിസ്ഥാനിൽ വീണ്ടും നിർബന്ധിത മതപരിവർത്തനം. സാംസൂൺ ജാവേദ് എന്ന 17 വയസ്സുള്ള ക്രിസ്ത്യൻ കൗമാരക്കാരനെ നിർബന്ധിതമായി ഇസ്ലാം മതത്തിലേക്ക് മതപരിവർത്തനം ചെയ്യിക്കുകയും പാക്കിസ്ഥാനിലെ മുസ്ലീം തൊഴിലുടമകൾ അനധികൃതമായി തന്റെ മകനെ തടങ്കലിൽ പാർപ്പിക്കുകയും ചെയ്തതായി അമ്മ സമീന ജാവേദ്.

സമീനയുടെ മകൻ സാംസൂൺ ജാവേദ് നവംബറിൽ ഉസ്മാൻ മൻസൂർ എന്ന ആളുടെ ഉടമസ്ഥതയിലുള്ള ഒരു എൽ. പി. ജി. ഔട്ട്‌ലെറ്റിൽ ജോലി ചെയ്യാൻ തുടങ്ങി. പിന്നീട് ജൂലൈയിൽ സഹോദരൻ ഉമർ മൻസൂറിന്റെ ഔട്ട്‌ലെറ്റിലേക്ക് അവനെ മാറ്റി. അതിനെ തുടർന്ന് കുട്ടിയുടെ പെരുമാറ്റത്തിൽവന്ന ചില മാറ്റങ്ങൾ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടു. താമസിയാതെ, അവൻ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടതായി കണ്ടെത്തി.

“ഞങ്ങൾ അവനെക്കുറിച്ച് ആശങ്കാകുലരായിരുന്നു. എന്നാൽ, ആവർത്തിച്ചു ചോദിച്ചിട്ടും അവൻ ഞങ്ങളോട് ഒന്നും പറഞ്ഞില്ല” – സമീന പറഞ്ഞു. “സെപ്റ്റംബറിൽ സാംസൂൺ ജോലികഴിഞ്ഞ് വീട്ടിലേക്കു വരാതിരുന്നപ്പോഴാണ് അവൻ മതം മാറിയ വിവരം ഞങ്ങൾ അറിഞ്ഞത്” – സമീന കൂട്ടിച്ചേർത്തു.

സമീനയും ഭർത്താവും ഉമറിന്റെ കടയിലെത്തിയപ്പോൾ, സാംസൂൺ മുസ്ലീമായി മാറിയെന്നും ഇനി അവരോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. എന്നിരുന്നാലും, ഉമറിന്റെ അസാന്നിധ്യത്തിൽ അവർക്ക് സാംസൂനെ കാണാൻ കഴിഞ്ഞപ്പോൾ, അവൻ ഭയന്നും സമ്മർദത്തിലുമായി കാണപ്പെട്ടെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

നിർബന്ധിത മതപരിവർത്തനം പാക്കിസ്ഥാനിൽ സാധാരണമാണെന്നും അത് പലപ്പോഴും അക്രമത്തിന്റെയോ, സാമ്പത്തിക ബലപ്രയോഗത്തിന്റെയോ ഭീഷണിയിലാണെന്നും മനുഷ്യാവകാശ പ്രവർത്തകനായ നെപ്പോളിയൻ ഖയ്യൂം പറഞ്ഞു. “ഒരാൾ മതം മാറുന്നതിന് പ്രായപരിധിയില്ല. പക്ഷേ, നിങ്ങൾക്ക് ആരെയും അത് ചെയ്യാൻ നിർബന്ധിക്കാനാവില്ല, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ.”

ഓപ്പൺ ഡോർസിന്റെ 2024-ലെ വേൾഡ് വാച്ച് ലിസ്റ്റിൽ ക്രൈസ്തവരായിരിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളുടെ പട്ടികയിൽ പാക്കിസ്ഥാൻ ഏഴാം സ്ഥാനത്താണ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.