![Forced-conversion,-Pakistan](https://i0.wp.com/www.lifeday.in/wp-content/uploads/2024/07/Forced-conversion-Pakistan.jpg?resize=696%2C435&ssl=1)
പാക്കിസ്ഥാനിൽ മറ്റൊരു ക്രിസ്ത്യൻ പെൺകുട്ടികൂടി നിർബന്ധിത മതപരിവർത്തനത്തിന് ഇരയായി. 14 വയസുള്ള പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ച് ഭീഷണിപ്പെടുത്തി ഇസ്ലാം മതത്തിലേക്കു പരിവർത്തനം ചെയ്യിച്ചത്. ജൂൺ 24-നായിരുന്നു സംഭവം.
ഇസ്ലാമാബാദിലെ ഖന്ന പുൾ ഏരിയയിലെ വീട്ടിൽനിന്ന് തന്റെ മകൾ അലീന ഖാലിദിനെ അയൽവാസിയായ ഹൈദർ അലി കൂട്ടിക്കൊണ്ടുപോയതായി 48-കാരനായ കത്തോലിക്കാ സാനിറ്റേഷൻ വർക്കർ ഖാലിദ് മസിഹ് വെളിപ്പെടുത്തി. അന്ന്, ഖാലിദ് പൊലീസിൽ പരാതി നൽകിയെങ്കിലും അവർ നടപടിയെടുത്തില്ല. “ഒടുവിൽ ജൂൺ 25-ന് എഫ്. ഐ. ആർ. (ആദ്യവിവര റിപ്പോർട്ട്) രജിസ്റ്റർ ചെയ്തു. പ്രതിക്ക് ഒളിവിൽപോകാൻ മതിയായ സമയം നൽകി” – മസിഹ് വേദനയോടെ പറയുന്നു.
തങ്ങളുടെ മകളെ നിർബന്ധിപ്പിച്ച് ഇസ്ലാം മതം സ്വീകരിപ്പിച്ച് അലിയെ വിവാഹം കഴിപ്പിച്ചതായി മസിഹ് പറഞ്ഞു. “അലീനയുടെ മതം മാറ്റത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഞങ്ങൾ അറിഞ്ഞത് കോടതിയിൽ അവളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ്. അതിൽ, അവൾ തന്റെ വിശ്വാസം മാറ്റി അലിയെ ഇഷ്ടപ്രകാരം വിവാഹം കഴിച്ചുവെന്നു പറഞ്ഞു. അത് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണ്” – മസിഹ് ചൂണ്ടിക്കാട്ടി.
നിക്കാഹ് നാമയിൽ (ഇസ്ലാമിക് വിവാഹ സർട്ടിഫിക്കറ്റ്) അലീനയുടെ പ്രായം 19 ആണെന്നാണ് പറയുന്നത്. എന്നാൽ, യഥാർഥത്തിൽ അലീനയുടെ പ്രായം 14 വയസാണ്.