നൈജീരിയയിൽ വെള്ളപ്പൊക്കം: സഹായവും പ്രാർഥനയും ആവശ്യപ്പെട്ട് ബിഷപ്പ്

നൈജീരിയയിലെ അതിശക്തമായ വെള്ളപ്പൊക്കത്തിൽ വലയുന്ന ജനങ്ങൾക്കുവേണ്ടി സഹായവും പ്രാർഥനയും ആവശ്യപ്പെട്ട് ബിഷപ്പ് ജോൺ ബകേനി. “മൈദുഗുരി നഗരത്തിന്റെ 40 ശതമാനത്തിലധികം വെള്ളത്തിനടിയിലാണ്. നിങ്ങളുടെ പ്രാർഥനയും സഹായവും ആവശ്യമാണ്,” മൈദുഗുരി സഹായ മെത്രാൻ ജോൺ ബകേനി അഭ്യർഥിച്ചു. മൈദുഗുരി രൂപത വർഷങ്ങളായി ഇസ്ലാമിക ഭീകര സംഘടനയായ ബോക്കോ ഹറാമിന്റെ ആക്രമണങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിൽ ഒന്നാണ്. ഇവിടെ ക്രിസ്ത്യാനികൾ ന്യൂനപക്ഷ സമൂഹമാണ്.

പൊന്തിഫിക്കൽ ഫൗണ്ടേഷൻ പറയുന്നത് അനുസരിച്ച്, നഗരത്തിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള അറവു അണക്കെട്ടിന്റെ പ്രശ്നങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി ഇത്രയും രൂക്ഷമാക്കിയിരിക്കുന്നത്. ഈ വെള്ളപ്പൊക്ക ദുരന്തത്തിൽ കുറഞ്ഞത് ഒരു ദശലക്ഷം ആളുകളെങ്കിലും കഷ്ടപ്പെടുന്നുണ്ട്. കനത്ത മഴ പെയ്യുന്നത് സ്ഥിതി കൂടുതൽ വഷളാക്കിയെന്നും മൈദുഗുരിയിൽ നിന്ന് 130 കിലോമീറ്റർ അകലെ ഷുവ നഗരത്തിലെ സെന്റ് പയസ് ഒൻപതാം ഇടവകയെയാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ചതെന്നും ബിഷപ്പ് ബകേനി പറഞ്ഞു.

“നമ്മുടെ നല്ലൊരു വിഭാഗം ഇടവകകളെയും ഇടവകക്കാരെയും ഈ വിനാശകരമായ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. നഗരത്തിൽ, ഒരു ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും 200,000-ത്തിലധികം കുടുംബങ്ങൾ പലായനം ചെയ്യുകയും ചെയ്തു. ഈ ദുഷ്‌കരമായ സമയത്തെ തരണം ചെയ്യാൻ ദൈവം കൃപ നൽകാൻ നിങ്ങൾ പ്രാർഥിക്കണം.” -ബിഷപ്പ് അഭ്യർഥിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.