![5-hama](https://i0.wp.com/www.lifeday.in/wp-content/uploads/2025/02/5-hama.jpg?resize=696%2C435&ssl=1)
കാത്തിരിപ്പിന്റെയും ഭയത്തിന്റെയും പ്രാർഥനകളുടെയും ഒടുവിൽ ഹമാസ് തടവിലാക്കിയ അവസാനത്തെ തായ് ബന്ധികളും മോചിതരായി. അതിൽ ചിലർ സ്വന്തം മണ്ണിൽ തിരികെയെത്തിയിരിക്കുകയാണ്. ഞായറാഴ്ച ബാങ്കോക്കിൽ എത്തിയ അഞ്ച് തായ് പൗരന്മാരെ അവരുടെ കുടുംബങ്ങൾ സ്വീകരിച്ചു.
2023 ഒക്ടോബർ ഏഴിന് ഇസ്രായേലിനെതിരെ ഹമാസ് തീവ്രവാദിസംഘം നടത്തിയ ആക്രമണത്തെത്തുടർന്ന് 15 മാസത്തിലേറെയായി ഈ അഞ്ചുപേരും ഗാസയിൽ തടവിലായിരുന്നു. എന്നാൽ ഇസ്രായേലും ഹമാസും അടുത്തിടെ വെടിനിർത്തൽ കരാർ ഒപ്പിട്ടതിനെത്തുടർന്ന് ജനുവരി 30 ന് വാച്ചാര ശ്രീയാവോൺ (33), പോങ്‌സാക് തേന (36), സാതിയൻ സുവന്നഖാം (35), സുരസാക് റംനാവോ (31), ബന്നവത് സെയ്താവോ (28) എന്നിവരെ വിട്ടയച്ചു. ഇസ്രായേലിൽ ആശുപത്രിയിലായിരുന്ന അഞ്ചുപേരും ശനിയാഴ്ച വൈകുന്നേരമാണ് തായ്‌ലന്റിലേക്ക് തിരികെപ്പോയത്. ഞായറാഴ്ച രാവിലെ ഏഴു മണിക്കുശേഷം അവരുടെ എമിറേറ്റ്സ് EK374 വിമാനം ലാൻഡ് ചെയ്തു.
തായ്‌ലൻഡ് വിദേശകാര്യ മന്ത്രിയുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെ അഞ്ചുപേരും ബുദ്ധമതാചാര പ്രാർഥനകളോടെ കുടുംബാംഗങ്ങളുടെ പക്കലെത്തി. വിമാനത്താവളത്തിലെ ആഗമന ഹാളിൽവച്ച്, ‘വീട്ടിലായിരിക്കുക എന്നത് അതിയായ ഒരു അനുഭവമാണെന്ന്’ അഞ്ച് ബന്ദികളിൽ ഒരാളായ പോങ്‌സാക് പറഞ്ഞു. “ഇന്ന് ഞങ്ങളെ തിരികെ കൊണ്ടുവന്നതിന് മന്ത്രാലയത്തിന് നന്ദി. അവരുടെ സഹായമില്ലായിരുന്നെങ്കിൽ ഞങ്ങൾ തിരിച്ചുവരില്ലായിരുന്നു. ഇത് ഒരു അതിശക്തമായ അനുഭവമാണ്, വളരെ നന്ദി” – അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസ അതിർത്തിക്കു സമീപമുള്ള ഇസ്രായേലിൽ ജോലി ചെയ്തുകൊണ്ടിരുന്ന അഞ്ചുപേരെയും ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു. 31 വിദേശപൗരന്മാരുടെ സംഘത്തിൽ അവരുമുണ്ടായിരുന്നു. സംഘത്തിലെ 23 പേരെ പിന്നീട് വിട്ടയച്ചു.
ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷത്തിൽ ഡസൻകണക്കിന് തായ്‌ലൻഡുകാർ കൊല്ലപ്പെട്ടു. ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ടുപേർ ഉൾപ്പെടെ ആകെ 46 പൗരൻമാരെ തങ്ങൾക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് തായ്‌ലൻഡ് വിദേശകാര്യ മന്ത്രാലയം പറയുന്നു.
ആയിരക്കണക്കിന് തായ്‌ലൻഡുകാർ ഇപ്പോഴും ഇസ്രായേലിൽ താമസിക്കുന്നു. അവരിൽ ഭൂരിഭാഗവും കാർഷികമേഖലയിൽ ജോലിചെയ്യുന്ന കുടിയേറ്റക്കാരാണ്. യുദ്ധത്തിനു മുമ്പ് രാജ്യത്ത് ഏകദേശം 30,000 തായ്‌ലൻഡുകാർ താമസിച്ചിരുന്നെങ്കിലും സംഘർഷം ആരംഭിച്ച് ദിവസങ്ങൾക്കുശേഷം തായ് തൊഴിലാളികളുടെ ആദ്യസംഘം രാജ്യത്ത് തിരിച്ചെത്തി. എന്നാൽ യുദ്ധം മറ്റ് തായ്‌ലൻഡുകാരെ ഇസ്രായേലിൽ ജോലി തേടുന്നതിൽനിന്ന് തടഞ്ഞിട്ടില്ല.
ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, ഇപ്പോൾ രാജ്യത്ത് 38,000 ത്തിലധികം പേർ താമസിക്കുന്നുണ്ട്. സ്വന്തം നാട്ടിലുള്ളതിനെക്കാൾ ഉയർന്ന വേതനം ഇസ്രായേലിൽ നേടാൻ കഴിയുമെന്നതിനാൽ ഇസ്രായേലിലെ വിദേശ കാർഷികതൊഴിലാളികളുടെ ഏറ്റവും വലിയ കൂട്ടമായി തായ്‌ലൻഡ് പൗരന്മാർ തുടരുന്നു.