നൈജീരിയായിൽ വിവിധയിടങ്ങളിലായി ഉണ്ടായ ആക്രമണങ്ങളിൽ അഞ്ചു ക്രൈസ്തവർ കൊല്ലപ്പെട്ടു

നൈജീരിയയിലെ കടുന സംസ്ഥാനത്ത് സെപ്തംബർ 29-ന് ഉണ്ടായ ആക്രമണത്തിൽ രണ്ടു ക്രൈസ്തവർ കൊല്ലപ്പെട്ടു. ഫുലാനി തീവ്രവാദികൾ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തി. മൂന്നുപേർ നസറാവയിലും കൊല്ലപ്പെട്ടു.

കൗറു കൗണ്ടിയിലെ ക്രിസ്ത്യൻ സമൂഹമായ ബക്കിൻ കോഗിയിലെ കൃഷിയിടത്തിൽ വിളകൾ പരിശോധിക്കാൻ പോയ സഹോദരങ്ങളായ റെയ്മണ്ട് തിമോത്തിയും ജെയിംസ് തിമോത്തിയും ആണ് വെടിയേറ്റുകൊല്ലപ്പെട്ടത്. “ഞങ്ങളുടെ പ്രദേശത്തെ ക്രിസ്ത്യാനികളുടെ കൃഷിയിടങ്ങൾ ഇടയന്മാർ നശിപ്പിച്ചതിനെത്തുടർന്ന് രണ്ട് സഹോദരന്മാർ അവരുടെ കൃഷിയിടത്തിലേക്ക് പോയി, അവരെ ഫുലാനി തീവ്രവാദികൾ വെടിവച്ചു കൊന്നു,” പ്രദേശവാസികളിൽ ഒരാൾ പറയുന്നു.

തെക്കൻ കടുനയിലെ ഗിദാൻ വയ പട്ടണത്തിലെ കഡുന സ്റ്റേറ്റ് കോളേജ് ഓഫ് എഡ്യൂക്കേഷനിലെ ക്രിസ്ത്യൻ മതപഠനവിദ്യാർഥിയായിരുന്നു ജെയിംസ് തിമോത്തി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് കടുന സ്റ്റേറ്റ് പോലീസ് കമാൻഡിന്റെ വക്താവ് മൻസീർ ഹസ്സൻ പറഞ്ഞു.

നസറാവ സംസ്ഥാനത്തെ നസറാവ എഗ്ഗോൺ പട്ടണത്തിൽ, ഫുലാനി തീവ്രവാദികൾ കത്തോലിക്കാ അദ്ധ്യാപകനായ ഒകെ എസികെയുടെ വീട്ടിൽ നുഴഞ്ഞുകയറി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ആ പ്രദേശത്ത് തന്നെ മറ്റ് രണ്ടു ക്രൈസ്തവരെയും തീവ്രവാദികൾ കൊലപ്പെടുത്തി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.