ഏഷ്യൻ ഭൂഖണ്ഡത്തിൽ ഏറ്റവുമധികം കത്തോലിക്കരുള്ള ഫിലിപ്പീൻസിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ മനിലയിലെ ‘കറുത്ത നസറായന്റെ’ തിരുനാൾ ദിനത്തിലെ പ്രദക്ഷിണത്തിൽ പങ്കെടുത്ത് ലക്ഷക്കണക്കിന് വിശ്വാസികൾ. ജനുവരി ഒമ്പതിനായിരുന്നു ‘കറുത്ത നസറായന്റെ’ തിരുനാൾ ദിനം.
തിരുനാൾ പ്രദക്ഷിണം ആരംഭിക്കുന്നതിനുമുമ്പ് ഏകദേശം 2,20,000 ആളുകൾ വിശുദ്ധ കുർബാനയിൽ പങ്കെടുത്തതായി പ്രദക്ഷിണത്തിന്റെ സംഘാടകർ കണക്കാക്കുന്നു. ഫിലിപ്പൈൻ സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ജനുവരി ഒമ്പതിന് വൈകുന്നേരം കുറഞ്ഞത് 8,00,000 ആളുകൾ പള്ളിയിൽ ഒത്തുകൂടി.
കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് 2021 – 2023 കാലഘട്ടങ്ങളിൽ സുരക്ഷയെക്കരുതി ഈ പ്രദക്ഷിണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതിനുശേഷം ആഘോഷമായി നടത്തുന്ന തിരുനാൾ പ്രദക്ഷിണമായിരുന്നു ഈ വർഷം നടന്നത്. അതിനാൽതന്നെ പതിവിലും കൂടുതൽ ആളുകളാണ് ഇത്തവണ ഈ തിരുനാളിന്റെ ഭാഗമായത്. ഏകദേശം 15 മണിക്കൂർ പ്രദക്ഷിണം നീണ്ടുനിന്നു. ലോകത്തിൽ എവിടെയൊക്കെ ഫിലിപ്പീൻസുകാർ ഉണ്ടോ അവിടെയൊക്കെയും ആഘോഷിക്കപ്പെടുന്ന ഒന്നാണ് ഈ തിരുനാൾ.
‘കറുത്ത നസറായന്റെ’ ചിത്രം സംരക്ഷിക്കപ്പെട്ടിരിക്കുന്ന ക്വിയാപ്പോ പള്ളിക്കുചുറ്റും ആറ് കിലോമീറ്ററിലധികം ദൂരത്താണ് പ്രദക്ഷിണം നടന്നത്.