വളർത്തുമൃഗങ്ങളുമായി കർഷകർ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ: വ്യത്യസ്തം വി. ആന്റണിയുടെ തിരുനാൾദിനം

കുതിര, പശു, കഴുത, നായ, ആട്, കോഴി, മുയൽ തുടങ്ങിയ വളർത്തുമൃഗങ്ങളാൽ നിറഞ്ഞതായിരുന്നു സെന്റ് പീറ്റേഴ്സ് സ്ക്വയർ കഴിഞ്ഞ ദിവസം. ജനുവരി 17-ന് സന്യാസിയായ വി. ആന്റണിയുടെ തിരുനാൾ ദിനത്തോട് അനുബന്ധിച്ച് വളർത്തുമൃഗങ്ങളെ ആശീർവദിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് കർഷകർ തങ്ങളുടെ പ്രിയമൃഗങ്ങളുമായി എത്തിയത്.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ആർച്ച്‌പ്രീസ്റ്റ് കർദിനാൾ മൗറോ ഗാംബെറ്റി വളർത്തുമൃഗങ്ങൾക്ക് ആശീർവാദം നൽകി. നിരവധി കർഷകരും വളർത്തുമൃഗ ഉടമകളും തങ്ങളുടെ പ്രിയപ്പെട്ട മൃഗങ്ങളെ പ്രത്യേക അനുഗ്രഹത്തിനായി വത്തിക്കാനിലേക്കു കൊണ്ടുവന്നിരുന്നു. ഈ വർഷത്തെ തിരുനാളിൽ പങ്കെടുത്ത വളർത്തുമൃഗങ്ങളുടെ ഉടമകളെ കർദിനാൾ ഗാംബെറ്റി വ്യക്തിപരമായി അഭിവാദ്യം ചെയ്തു. ദൈവത്തിന്റെ സൃഷ്ടികളോടുള്ള അവരുടെ കരുതലിന് അദ്ദേഹം നന്ദി പറഞ്ഞു.

പല അമേരിക്കൻ കത്തോലിക്കരും വി. ഫ്രാൻസിസ് അസ്സീസിയുടെ തിരുനാളിനെ മൃഗങ്ങളുടെ അനുഗ്രഹവുമായി ബന്ധപ്പെടുത്തുമ്പോൾ, ഇറ്റലിയിലെ കർഷകർ പരമ്പരാഗതമായി, വളർത്തുമൃഗങ്ങളുടെ രക്ഷാധികാരിയായ വി. ആന്റണിയുടെ തിരുനാൾ ആഘോഷിക്കുന്നു. മരുഭൂമിയിലെ വി. അന്തോണി, ഈജിപ്തിലെ വി. ആന്റണീ, സെന്റ് ആന്റണീസ് ദി ഗ്രേറ്റ് എന്നിങ്ങനെ മറ്റുപേരുകളിൽ വി. ആന്റണി അറിയപ്പെടുന്നു.

സന്യാസത്തിന്റെ പിതാവായും അറിയപ്പെടുന്ന നാലാം നൂറ്റാണ്ടിലെ സന്യാസിയായിരുന്നു വി. ആന്റണി. ഈജിപ്ഷ്യൻ മരുഭൂമിയിലെ അദ്ദേഹത്തിന്റെ വിശുദ്ധജീവിതം വി. അത്തനേഷ്യസ് ‘വി. ആന്റണിയുടെ ജീവിതം’ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.