ബന്ധങ്ങൾക്കു മാറ്റുകൂട്ടുന്ന കുടുംബപത്രം ‘ഫാമിലിയോ’

സ്മാർട്ട് ഫോണുകളുടെയും ഇന്റർനെറ്റിന്റെയും വരവോടെ പഴയകാല വാർത്തവിനിമയ മാധ്യമങ്ങളായ കത്തുകളും പോസ്റ്റ് കാർഡുകളും പതിയെ യവനികയ്ക്കു പിന്നിലേക്കു മറഞ്ഞുതുടങ്ങി. നൂതന സാങ്കേതികവിദ്യകൾ ആശയവിനിമയം വേഗത്തിലും എളുപ്പത്തിലാക്കിയപ്പോൾ പുതിയ തലമുറ അറിയാതെ അതിലേക്ക് ചേക്കേറി. കാലാനുസൃതമായി വന്ന ഈ മാറ്റത്തിൽ പുതിയ തലമുറയ്‌ക്കൊപ്പം ഓടിയെത്താൻ പറ്റാതെ ഒറ്റപ്പെട്ടുപോയ ഒരു കൂട്ടരാണ് സമൂഹത്തിലെ മുതിർന്ന പൗരന്മാർ. പരമ്പരാഗത ആശയവിനിമയരീതികൾ ഉപയോഗിച്ചിരുന്ന മുതിർന്ന തലമുറയ്ക്ക് പുതിയവ വഴങ്ങിയില്ല. ഇങ്ങനെ പുതിയ തലമുറയ്ക്കും പഴയ തലമുറയ്ക്കുമിടയിൽ വന്ന ഈ വിടവ് നികത്തി, ഗ്രാമങ്ങളിലും വിദൂരപ്രദേശങ്ങളിലും താമസിക്കുന്ന മാതാപിതാക്കൾക്ക് മക്കളുമായും മറ്റു ബന്ധുക്കളുമായുള്ള ബന്ധം കൂടുതൽ ദൃഢപ്പെടുത്തുകയാണ് ഫാമിലിയോ എന്ന ഫാമിലി ന്യൂസ്‌പേപ്പർ.

യുവാക്കൾക്കും മുതിർന്ന തലമുറകൾക്കും ഇടയിൽ നിലനിൽക്കുന്ന ഡിജിറ്റൽ ഗ്യാപ് നികത്തുകയാണ് ഒമ്പതു വർഷം മുമ്പ് ആരംഭിച്ച ഈ കൊച്ചുപത്രം. ഈ ആശയത്തിന്റെ സഹസ്ഥാപകരിലൊരാളായ ടാൻഗൈ ദേ ജലിസ് തന്റെ പ്രായമായ ബന്ധുവിന് സമ്മാനിച്ച ടാബ്‌ലറ്റിന്റെ അവസ്ഥ കണ്ടപ്പോഴാണ് ഇങ്ങനൊരു ആശയം രൂപപ്പെട്ടത്. ബന്ധുവിന് ടാബ്ലറ്റ് ഉപയോഗിക്കാൻ അറിയാത്തതുകൊണ്ടും അതിനോട് താൽപര്യമില്ലാത്തതുകൊണ്ടും ഏതാനും നാളുകൾകൊണ്ട് മുറിയുടെ ഒരു മൂലയിൽ അത് പൊടിപിടിച്ചിരിക്കാൻ തുടങ്ങി. ഇത് കണ്ടതോടെ ടാൻഗൈക്ക് കാര്യം മനസ്സിലായി. പുതിയ തലമുറയെയും പഴയ തലമുറയെയും ബന്ധിപ്പിക്കാൻ പറ്റുന്ന ഒരു ആശയം അദ്ദേഹം രൂപപ്പെടുത്തി. ഒരു ആപ്പും അതിൽ പങ്കുവയ്ക്കുന്ന കണ്ടന്റ് ഉപയോഗിച്ച് പിറക്കുന്ന ഒരു ചെറിയ പത്രവും.
ഫാമിലിയോ ആപ്പ് വഴി സബ്‌സ്‌ക്രൈബർമാർ പങ്കിടുന്ന ഡിജിറ്റൽ സന്ദേശങ്ങളെയും ഫോട്ടോകളെയും പ്ലാറ്റ്‌ഫോം ഒരു ചെറിയ കുടുംബപത്രമാക്കി പ്രിന്റ് എടുക്കുന്നു. ഓരോ മാസവും സ്വീകർത്താക്കളുടെ വീട്ടിലേക്ക് ഇതിന്റെ പകർപ്പ് അയച്ചുകൊടുക്കുന്നു. ഇതോടുകൂടെ അയക്കുന്നവർക്ക് അവരുടെ ഇഷ്ടാനുസരണം പ്രചരിപ്പിക്കാൻ പത്രത്തിന്റെ ഒരു പി. ഡി. എഫ്. പതിപ്പും ലഭിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന പത്രത്തിലൂടെ മുതിർന്നവർ തങ്ങളുടെ ബന്ധുക്കളുടെ വിവരങ്ങൾ അറിയുകയും പങ്കുവയ്ക്കുകയും ചെയ്യുന്നു. നിലവിൽ യൂറോപ്യൻ രാജ്യങ്ങളിലാണ് ഇത് നിലവിലുള്ളത്.

യു. കെ. യിൽ പ്രായമായ പലർക്കും ഇന്റർനെറ്റ് ആക്‌സസ് ഇല്ല അല്ലെങ്കിൽ അത് ഉപയോഗിക്കുന്നില്ല. 75 വയസ്സും അതിൽ കൂടുതലുമുള്ളവരിൽ 30% പേരും ഇന്റർനെറ്റ് ഉപയോഗിക്കുന്നില്ല.

സ്കോട്ട്ലൻഡിലെ അബർഡീൻഷെയറിൽ താമസിക്കുന്ന കിർസ്റ്റീൻ ബെല്ലിന്, ഇംഗ്ലണ്ടിലെ സ്റ്റാഫോർഡ്ഷെയറിലെ ഒരു ഗ്രാമപ്രദേശത്ത് ഇന്റർനെറ്റ് ആക്സസ് ഇല്ലാതെ താമസിക്കുന്ന അവളുടെ പ്രായമായ അമ്മായിയമ്മയുമായി കൂടുതൽ അടുക്കാൻ ഫാമിലിയോ അവസരം ഒരുക്കി. ബെല്ലിനും അവളുടെ ഭർത്താവിനും മൂന്ന് ചെറിയ കുട്ടികളാണ്. അതുകൊണ്ട് എപ്പോഴും അമ്മായിയമ്മയെ സന്ദർശിക്കാൻ സാധിക്കില്ല. ഫാമിലിയോ വന്നതോടെ ഇരുകൂട്ടരും തമ്മിലെ അകലം കുറഞ്ഞു. ഇതിലൂടെ ലണ്ടനിലും ഓസ്‌ട്രേലിയയിലും താമസിക്കുന്ന മറ്റ് ബന്ധുക്കളുടെ വിവരങ്ങളും അവർക്ക് ലഭിക്കുന്നു.

യു. കെ. യിലെ പ്രായമായവരെ സംബന്ധിച്ചിടത്തോളം ഏകാന്തത ഒരു പ്രധാന പ്രശ്നമാണ്. ഇതിനാണ് ഇപ്പോൾ ഒരു പരിധിവരെ പരിഹാരമായിരിക്കുന്നത്.

കുടുംബാംഗങ്ങളുടെ ഒരു കമ്മ്യൂണിറ്റിക്ക് ലോകത്ത് എവിടെയായിരുന്നാലും ഇതിലേക്ക് ആക്സസ് ചെയ്യാൻ സാധിക്കുകയും വിവരങ്ങളും ഫോട്ടോകളും അയയ്ക്കാനും സാധിക്കും. പ്രതിമാസം £5.99 ചെലവ് വരുന്ന ഈ ആശയവിനിമയത്തിലെ എല്ലാ ഡാറ്റയും സുരക്ഷിതവുമാണ്. കൂടാതെ, പത്രങ്ങളിൽ മറ്റു പരസ്യങ്ങളുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.