വിശ്വാസം സന്തോഷത്തോടെ പങ്കിടേണ്ട ഒരു നിധിയാണ്: ഫ്രാൻസിസ് പാപ്പ

വിശ്വാസം സന്തോഷത്തോടെ പങ്കുവയ്‌ക്കേണ്ട നിധിയാണെന്ന്, ജൂബിലിയിൽ പങ്കെടുക്കാൻ റോമിലേക്ക് തീർഥാടനം നടത്തിയ സ്ലൊവാക്യയിൽ നിന്നുള്ള വിശ്വാസികളെ ഫ്രാൻസിസ് മാർപാപ്പ ഓർമ്മിപ്പിച്ചു. തന്റെ രോഗാവസ്ഥയിൽ വിശ്വാസികളെ നേരിൽ കാണാൻ സാധിക്കാത്തതിലുള്ള ഖേദവും ഫ്രാൻസിസ് മാർപാപ്പ പ്രകടിപ്പിച്ചിരുന്നു.

“വിശ്വാസം സന്തോഷത്തോടെ പങ്കുവയ്‌ക്കേണ്ട നിധിയാണ്. ഓരോ കാലഘട്ടവും വെല്ലുവിളികളും ബുദ്ധിമുട്ടുകളും കൊണ്ടുവരുന്നു. എന്നാൽ ദൈവത്തിലുള്ള വിശ്വാസത്തിലും സമർപ്പണത്തിലും വളരാനുള്ള അവസരങ്ങളും നൽകുന്നു”-  മാർപാപ്പ പങ്കുവച്ചു. വിശുദ്ധ വാതിലിലൂടെ കടന്നുപോകുകയും അപ്പോസ്തലന്മാരുടെയും രക്തസാക്ഷികളുടെയും ശവകുടീരങ്ങൾ സന്ദർശിക്കുകയും ചെയ്യുന്ന റോമിലേക്കുള്ള യാത്ര നിത്യതയിലേക്കുള്ള ദിനംപ്രതിയുള്ള യാത്രയുടെ പ്രതീകമാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

“ഈ തീർഥാടനം വിശ്വാസം പുതുക്കാനും പത്രോസിന്റെ പിൻഗാമിയുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ക്രിസ്തുവിന്റെ മുറിവേറ്റ ഹൃദയത്തിൽ നിന്ന് ഒഴുകുന്ന സ്നേഹത്തിൽ നിന്ന്, പരിശുദ്ധാത്മാവിനാൽ നമ്മിലേക്ക് പകരുന്ന പ്രത്യാശയ്ക്ക് സന്തോഷത്തോടെ സാക്ഷ്യം വഹിക്കാനുമുള്ള ആഗ്രഹത്തിന്റെ വ്യക്തമായ അടയാളമാണ്”- മാർപാപ്പ പങ്കുവച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.