സഭയിൽ എല്ലാവരെയും ചേർത്തുനിർത്തണം: ഫ്രാൻസിസ് മാർപാപ്പ

പതിനാറാമത് മെത്രാൻ സിനഡിന്റെ സമാപനത്തിൽ, അജപാലനശുശ്രൂഷയിൽ മറ്റുള്ളവരെ ശ്രവിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ മൂന്നുവർഷങ്ങളായി തുടർന്നുവന്ന സിനഡിൽ, ദൈവജനത്തെ കൂടുതൽ ശ്രവിക്കാൻ സാധിച്ചതിലും അതിന്റെ ഫലങ്ങൾ വിളവെടുക്കാൻ സാധിച്ചതിലുമുള്ള സന്തോഷം പാപ്പ പങ്കുവച്ചു. റോമിന്റെ മെത്രാൻ എന്ന നിലയിൽ താൻ പോലും ഇനിയും എത്രയോ അധികമായി ദൈവജനത്തെ ശ്രവിക്കാനുണ്ടെന്ന ബോധ്യം ഈ സിനഡ് സമ്മേളനം തനിക്കു നല്കിയെന്നും പാപ്പ കൂട്ടിച്ചേർത്തു.

ദൈവജനത്തിനിടയിലെ ബന്ധങ്ങളിലും സഭകൾ തമ്മിലുള്ള ബന്ധങ്ങളിലും ആത്മാവ് നൽകുന്ന ഐക്യം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് എടുത്തുപറഞ്ഞ പാപ്പ, പെന്തക്കുസ്താദിവസം പരിശുദ്ധാത്മാവ്, വിവിധ ഭാഷകളെയും ദേശക്കാരെയും ഒരുമിച്ചുകൂട്ടി ഒരുമയുടെ സന്ദേശം നല്കിയതുപോലെ വിശുദ്ധസഭ, മേശയൊരുക്കി ജനതയെ കാത്തിരിക്കുന്ന ദൈവത്തിന്റെ പ്രതീക്ഷയുടെ അടയാളവും ഉപകരണവുമാണെന്നും പറഞ്ഞു. അതിനാൽ, സഭയിൽ മതിലുകൾ പണിയുന്നവരാകാതെ വാതിലുകൾ പണിയാനും പിറുപിറുക്കാതെ ഹൃദയത്തിൽ സ്നേഹത്തിന്റെ ബന്ധം വളർത്താനും പാപ്പ ആഹ്വാനം ചെയ്തു.

സിനഡ് ആരംഭിച്ചപ്പോൾ നടത്തിയ അനുരഞ്ജനശുശ്രൂഷയുടെ പ്രാധാന്യം പാപ്പ ചൂണ്ടിക്കാണിച്ചു. തുടർന്ന്, യുദ്ധത്തിന്റെ ഭീകരത പിടിമുറുക്കിയിരിക്കുന്ന ലോകത്തിന്റെ അവസ്ഥയെക്കുറിച്ചു പരാമർശിച്ച പാപ്പ, അഭിപ്രായവ്യത്യാസങ്ങൾ സംഭാഷണത്തിലൂടെ മനസ്സിലാക്കിക്കൊണ്ട് സമാധാനത്തിന്റെ സാക്ഷികളാകാൻ ഏവരെയും ക്ഷണിച്ചു.

സിനഡിനുശേഷം പ്രസിദ്ധീകരിക്കുന്ന രേഖയ്ക്കുമപ്പുറം മറ്റൊരു അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും വിവിധ ഭൂഖണ്ഡങ്ങളിൽ, വ്യത്യസ്ത സന്ദർഭങ്ങളിൽ സഭകളുടെ ദൗത്യത്തിന് ഒരു വഴികാട്ടിയാകാൻ കഴിയുന്ന വളരെ വ്യക്തമായ സൂചനകൾ രേഖയിൽ ഉൾച്ചേർക്കപ്പെട്ടിട്ടുണ്ടെന്നും അത് ഉടൻതന്നെ എല്ലാവർക്കും ലഭ്യമാക്കണമെന്നും അതിനാൽ സിനഡിന്റെ അവസാനരേഖ എത്രയുംവേഗം എല്ലാവർക്കും എത്തിക്കാൻ ശ്രദ്ധിക്കണമെന്നും പാപ്പ പറഞ്ഞു.

അക്രമം, ദാരിദ്ര്യം, നിസംഗത എന്നിവയാൽ അടയാളപ്പെടുത്തിയ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും എത്തിച്ചേർന്ന ജനതയെ ഒരുമിച്ചുനടക്കാൻ സിനഡ് സഹായിച്ചുവെന്ന് പാപ്പ പറഞ്ഞു. സമാധാനത്തെക്കുറിച്ച് സ്വപ്നം കാണാൻ മാത്രമല്ല, നമ്മുടെ എല്ലാ ശക്തിയും ഉപയോഗിച്ച് അത് യാഥാർഥ്യമാക്കാൻ പരിശ്രമിക്കാം എന്ന ആഹ്വാനത്തോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

ടോണി ചിറ്റിലപ്പിള്ളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.