യു. എസ്. ആസ്ഥാനമായുള്ള സുവിശേഷ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐ. സി. സി.) 2025 ലെ ആഗോള റിപ്പോർട്ടിൽ, ഡാനിയേൽ ഒർട്ടേഗയുടെയും ഭാര്യ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം നിക്കരാഗ്വയിലെ കത്തോലിക്കാ സഭയെ രാജ്യത്തിന്റെ രാഷ്ട്രീയശത്രുവായി കണക്കാക്കുന്നുവെന്ന് വെളിപ്പെടുത്തുന്നു. 2025 ജനുവരി മൂന്നിന് പ്രസിദ്ധീകരിച്ച ഗ്ലോബൽ പെർസിക്യൂഷൻ ഇൻഡക്സിലാണ് ഈ വെളിപ്പെടുത്തലുള്ളത്.
“കത്തോലിക്കാ സഭയെ ഭരണകൂടത്തിന്റെ രാഷ്ട്രീയ ശത്രുവായി കാണുന്ന ചൈന മുതൽ നിക്കരാഗ്വ വരെ എല്ലായിടത്തും സ്വേച്ഛാധിപതികൾ മതത്തെ നിയന്ത്രിക്കുന്നതിലോ, ക്രിസ്തുമതത്തെ പൂർണ്ണമായും ഇല്ലാതാക്കുന്നതിലോ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതായി തോന്നുന്നു” എന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. 20 രാജ്യങ്ങളിലെ ക്രിസ്ത്യാനികൾക്കെതിരായ പീഡനത്തെക്കുറിച്ച് ഈ റിപ്പോർട്ട് വിശദീകരിക്കുന്നു.
നിക്കരാഗ്വയിൽനിന്നും നാടുകടത്തപ്പെട്ട പുരോഹിതരുടെ കുടുംബങ്ങൾക്കെതിരായ ആക്രമണങ്ങൾ രാജ്യാന്തര അടിച്ചമർത്തലിന്റെ ഉദാഹരണമാണ്. പീഡനം ഒരു ആഗോളപ്രശ്നമാണെന്ന് ഇത് ഓർമിപ്പിക്കുന്നു. 2023 ൽ നിക്കരാഗ്വൻ സർക്കാർ കുറഞ്ഞത് 315 ലാഭേച്ഛയില്ലാത്ത മതസംഘടനകളുടെ പ്രവർത്തന ലൈസൻസുകൾ റദ്ദാക്കിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് പറയുന്നു. അതിൽത്തന്നെ 233 സംഘടനകൾ ഒരു സുവിശേഷ വിഭാഗത്തിൽപെട്ടവയും 38 എണ്ണം കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ടവയും 41 എണ്ണം മറ്റു മതവിഭാഗങ്ങളിൽ നിന്നുള്ളവയുമാണ്.
ക്രിസ്ത്യൻ സ്കൂളുകൾക്കെതിരെയും ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഐ. സി. സി. രേഖ, സർക്കാരിനെ എതിർക്കുന്നവരാണെന്ന് ആരോപിച്ച് നൂറുകണക്കിനാളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വെളിപ്പെടുത്തുന്നു. അതിൽ ഡസൻ കണക്കിന് പുരോഹിതന്മാരും മറ്റു നേതാക്കളും ഉൾപ്പെടുന്നു. ചിലർ മോചിതരായെങ്കിലും, മറ്റുള്ളവർ ഇപ്പോഴും ജയിലിൽ കഴിയുകയോ രാജ്യത്തുനിന്ന് നാടുകടത്തപ്പെടുകയോ ചെയ്തിട്ടുണ്ട്.