എത്യോപ്യയിൽ സെപ്റ്റംബറിൽ ആഘോഷിച്ച പുതുവർഷത്തിന്റെ സന്തോഷം, വംശീയസംഘർഷങ്ങളും പട്ടിണിയും വരൾച്ചയുംമൂലം നിറംകെട്ടുപോകുന്ന അവസരത്തിലും ക്രിസ്ത്യൻ മിഷനറിമാർ ചെയ്യുന്ന അതുല്യമായ സേവനങ്ങൾ ലോകശ്രദ്ധയാകർഷിക്കുന്നു. തുടർച്ചയായി പ്രഖ്യാപിക്കുന്ന അടിയന്തരാവസ്ഥകൾ സാധാരണ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലും പരിമിതസ്ഥിതികൾക്കിടയിലും ആ ജനനങ്ങൾക്കൊപ്പം നിലകൊള്ളുകയാണ് വിവിധ സന്യാസ സമൂഹങ്ങളിൽ നിന്നുള്ള മിഷനറിമാർ.
ഇത്തരത്തിൽ ദുരിതപൂർണ്ണമായ ജീവിതസാഹചര്യങ്ങളിൽനിന്നും ജനങ്ങളെ കൈപിടിച്ചുനടത്താൻ, സാമൂഹ്യ-കാർഷികമേഖലകളിൽ ക്രിസ്ത്യൻ മിഷനറിമാർ നൽകുന്ന സംഭാവനകൾ എടുത്തുപറയേണ്ടതാണ്.
നിരവധി സാധാരണക്കാരും സന്നദ്ധപ്രവർത്തകരും മിഷനറിമാർക്കൊപ്പം സേവനങ്ങളിൽ ഏർപ്പെടുന്നു. കാർഷികമേഖലകളിൽ നൂതനപരീക്ഷണങ്ങൾ നടത്താനും ക്രിസ്ത്യൻ മിഷനറിമാർ മുൻകൈയെടുക്കുന്നുണ്ട്. ആരോഗ്യമേഖലയിലെ പ്രതിസന്ധികൾ, പ്രത്യേകമായും ന്യൂറോ സൈക്യാട്രിക് രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന നിരവധി ആളുകളുടെ പരിചരണത്തിനും സഹായത്തിനുമായി ഉദ്ദേശിച്ചുള്ള ബെയ്‌ലിലെ ‘അരാരാ’ ആശുപത്രിയുടെ നിർമ്മാണപ്രവർത്തനങ്ങൾക്കും ചുക്കാൻപിടിക്കുന്നത് ക്രിസ്ത്യൻ മിഷനറിമാരാണ്.