അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്തായുടെ സ്ഥാനാരോഹണവും മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായ്ക്കുള്ള നന്ദിപ്രകാശനവും

ചങ്ങനാശേരി അതിരൂപതയുടെ ഒമ്പതാമത് മേലദ്ധ്യക്ഷനും അഞ്ചാമത് മെത്രാപ്പോലീത്തായുമായി നിയമിതനായ മാര്‍ തോമസ് തറയില്‍ പിതാവിന്റെ സ്ഥാനാാരോഹണവും മേലദ്ധ്യക്ഷ സ്ഥാനത്തുനിന്നു വിരമിക്കുന്ന മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായ്ക്കുള്ള നന്ദിപ്രകാശനവും ഒക്ടോബര്‍ 31 വ്യാഴാഴ്ച ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടത്തപ്പെടും. പതിനേഴുവര്‍ഷം അതിരൂപതയെ നയിച്ച മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ വിരമിച്ചതിനെത്തുടര്‍ന്ന് ഈ ആഗസ്റ്റില്‍ കൂടിയ സീറോമലബാര്‍ സിനഡ് മാര്‍ തോമസ് തറയിലിനെ ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ അദ്ധ്യക്ഷനായി തെരഞ്ഞടുക്കുകയായിരുന്നു.

തിരുക്കര്‍മ്മങ്ങളും കാര്യപരിപാടികളും

ഒക്ടോബര്‍ 31 വ്യാഴം രാവിലെ 8.45ന് ആര്‍ച്ചുബിഷപ്‌സ് ഹൗസില്‍നിന്നും അഭിവന്ദ്യ പിതാക്കന്മാര്‍ ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയിലേക്കു പുറപ്പെടും. 9.00 മണിക്ക് പള്ളിയങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ സ്ഥാനാരോഹണശുശ്രുഷകള്‍ ആരംഭിക്കും. തിരുവസ്ത്രങ്ങളണിഞ്ഞ മെത്രാന്‍മാരും വൈദികരും അടങ്ങുന്ന പ്രദിക്ഷണം ആദ്യം വേദിയിലെത്തും. സ്ഥാനാരോഹണകര്‍മങ്ങള്‍ക്ക് സീറോമലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ് അനുഗ്രഹീതനായ മാര്‍ റാഫേല്‍ തട്ടില്‍ കാര്‍മികനായിരിക്കും. സ്ഥാനമൊഴിയുന്ന മെത്രാപ്പോലീത്താ അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം, പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായിരിക്കും. മാര്‍ റാഫേല്‍ തട്ടില്‍ സന്ദേശം നല്‍കും.

തുടര്‍ന്ന് നവമെത്രാപ്പോലീത്താ അഭിവന്ദ്യ മാര്‍ തോമസ് തറയിലിന്റെ കാര്‍മികത്വത്തില്‍ വി. കുര്‍ബാനയര്‍പ്പണം നടക്കും. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ മെത്രാപ്പോലീത്താ മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ വചനസന്ദേശം നല്‍കും. വി. കുര്‍ബാനയ്ക്കുശേഷം ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് മോസ്റ്റ് റവ. ലെയോപോള്‍ഡോ ജിറേല്ലി സംസാരിക്കും.

11.45ന് പൊതുസമ്മേളനം ആരംഭിക്കും. റവ. ഫാ. തോമസ് തൈക്കാട്ടുശേരിലും സംഘവും ആശംസാഗാനം ആലപിക്കും. വത്തിക്കാന്‍ മുന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കോച്ചേരിയും നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടും ചേര്‍ന്ന് ഭദ്രദീപം തെളിക്കും. അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപുരയ്ക്കല്‍ ഏവരെയും സ്വാഗതം ചെയ്യും. സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷപ്രസംഗം നടത്തും. കേന്ദ്ര ന്യുനപക്ഷക്ഷേമ വകുപ്പുമന്ത്രി ശ്രീ. ജോര്‍ജ് കുര്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സീറോമലബാര്‍ സഭയുടെ മുന്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ത്രിതീയന്‍ ആശീര്‍വാദപ്രഭാഷണം നടത്തും. മലങ്കര മാര്‍ത്തോമാ സുറിയാനി സഭാതലവന്‍ മോസ്റ്റ് റവ. ഡോ. തെയൊഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത അനുഗ്രഹവചസുകള്‍ ഉരുവിടും. മാര്‍ പെരുന്തോട്ടം പിതാവിന് അതിരൂപതയുടെ നന്ദി അര്‍പ്പിച്ചുകൊണ്ട് എസ്ഡി സന്യാസിനി സമൂഹത്തിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. സി. ഡോ. ദീപ്തി ജോസ് സംസാരിക്കും. മാര്‍ തറയില്‍ പിതാവിന് ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട് അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ. ഡോ. രേഖാ മാത്യൂസ് സംസാരിക്കും.

ആശംസകള്‍ നേര്‍ന്നുകൊണ്ട് ജര്‍മനിയിലെ ബാംബര്‍ഗ് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് മോസ്റ്റ് റവ. ഹെര്‍വിഗ് ഗൊസ്സല്‍, മാവേലിക്കര രൂപതാ മെത്രാന്‍ മോസ്റ്റ് റവ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, കേരള നിയമസഭാ പ്രതിപക്ഷ നേതാവ് ശ്രീ. വി. ഡി. സതീശന്‍, കേരളാ ജലവിഭവ വകുപ്പുമന്ത്രി ശ്രീ റോഷി അഗസ്റ്റിന്‍, കേരളാ സഹകരണ വകുപ്പുമന്ത്രി ശ്രീ. വി. എന്‍. വാസവന്‍, ശ്രീ. കൊടിക്കുന്നേല്‍ സുരേഷ് എംപി, അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ, ചങ്ങനാശേരി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി കൃഷ്ണകുമാരി രാജശേഖരന്‍ എന്നിവര്‍ സംസാരിക്കും.

മാര്‍ ജോസഫ് പെരുന്തോട്ടവും മാര്‍ തോമസ് തറയിലും മറുപടിപ്രസംഗം നടത്തും. അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍ ഏവര്‍ക്കും നന്ദിയര്‍പ്പിക്കും. ഉച്ചഭക്ഷണത്തോടെ ചടങ്ങുകള്‍ സമാപിക്കും.

മെത്രാന്‍മാര്‍, വൈദികര്‍, സമര്‍പ്പിതര്‍, അല്‍മായര്‍ എന്നിവരുടെ നിറഞ്ഞ സാന്നിധ്യം

ഇന്നേദിവസം നടക്കുന്ന ചടങ്ങുകള്‍ക്ക് കേരളത്തിനകത്തും പുറത്തുനിന്നും വിദേശത്തു നിന്നുമായി വത്തിക്കാന്‍ പ്രതിനിധിയും യൂറോപ്യന്‍ സഭാപ്രതിനിധികളും ഉള്‍പ്പെട്ടെ 50ല്‍ പരം മെത്രാന്‍മാര്‍ പങ്കെടുക്കും. ഇതരസഭകളുടെ മേലധ്യക്ഷന്‍മാരും ഉണ്ടായിരിക്കും. അഭിവന്ദ്യ മെത്രാന്മാര്‍ക്കൊപ്പം ചങ്ങനാശ്ശേരി അതിരൂപതയിലെ മുഴുവന്‍ വൈദികരും സാമന്തരൂപതകളിലെ വികാരി ജനറാള്‍മാരും വൈദിക പ്രതിനിധികളും മറ്റു വൈദികരും വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. മാര്‍ തറയിലിന്റെ അമ്മയും സഹോദരങ്ങളും കുടുബാംഗങ്ങളും സമര്‍പ്പിതരും അല്‍മായരുമടക്കം പതിനായിരത്തില്‍പരം വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരും.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.