സമരിയക്കാരിയെപ്പോലെ നമ്മുടെ ഭൂതകാലത്തിന്റെ ഭാരം ദൈവത്തെ ഭരമേൽപ്പിക്കുക: മാർപാപ്പ

സമരിയാക്കാരിയായ സ്ത്രീയുടെ മാതൃക പിന്തുടർന്ന് നമ്മുടെ ഭൂതകാലത്തിന്റെ ഭാരം ദൈവത്തിന് സമർപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. 38 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം തന്റെ വസതിയായ സാന്ത മാർത്തയിലേക്ക് മടങ്ങിയ മാർപാപ്പ മാർച്ച് 26 ന് നടത്തിയ പൊതുകൂടിക്കാഴ്ചയിൽ വിശ്വാസികൾക്കു നൽകിയ സന്ദേശത്തിലാണ് ഇപ്രകാരം അനുസ്മരിപ്പിച്ചത്.

“നമ്മുടെ ചരിത്രം ഭാരമേറിയതും സങ്കീർണ്ണവും ഒരു പക്ഷേ, തകർന്നടിഞ്ഞതുമായി തോന്നിയാലും അത് ദൈവത്തിന് സമർപ്പിച്ച് നമ്മുടെ യാത്ര പുനരാരംഭിക്കാനുള്ള സാധ്യത നമുക്കുണ്ട്. ദൈവം കരുണയുള്ളവനാണ്, അവിടുന്ന് എപ്പോഴും നമ്മെ കാത്തിരിക്കുന്നു” എന്ന് പങ്കുവച്ചുകൊണ്ട് സമരിയക്കാരി സ്ത്രീയുമായുള്ള യേശുവിന്റെ കൂടിക്കാഴ്ചയെക്കുറിച്ചുള്ള സുവിശേഷ ഭാഗം മാർപാപ്പ വിശദീകരിച്ചു. സമരിയക്കാരി സ്ത്രീയെ പ്രത്യേകം എടുത്തു പറഞ്ഞുകൊണ്ട് അനുരഞ്ജിതരായ ആളുകൾക്ക് മാത്രമേ സുവിശേഷം എത്തിക്കാൻ കഴിയുകയുള്ളുവെന്നും മാർപാപ്പ വിശ്വാസികളെ ഓർമ്മപ്പെടുത്തി.

നമ്മുടെ പ്രത്യാശ അസ്തമിക്കുമ്പോഴും നമ്മെ കാത്തിരിക്കുന്ന ദൈവത്തെക്കുറിച്ച് ഓർക്കാൻ ഉദ്ബോധിപ്പിച്ച സന്ദേശത്തിൽ സമരിയക്കാരിയുടെ മാനസാന്തരവും സുവിശേഷപ്രഘോഷണവും മാർപാപ്പ വിശദീകരിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.