
നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യത്താൽ തടവിലാക്കപ്പെട്ട എട്ടു വൈദികരെ ‘രാഷ്ട്രീയത്തടവുകാരുടെ പീഡനജയിൽ’ എന്നറിയപ്പെടുന്ന ‘എൽ ചിപോട്ട്’ ജയിലിലേക്കു മാറ്റിയതായി റിപ്പോർട്ട്. സ്വതന്ത്ര നിക്കരാഗ്വൻ മാധ്യമമായ ലാ പ്രെൻസ, നിക്കരാഗ്വൻ എപ്പിസ്കോപ്പൽ കോൺഫറൻസിന് (സി.ഇ.എൻ) അടുത്തുള്ള സ്രോതസ്സുകളിലൂടെ ഈ വാർത്ത സ്ഥിരീകരിച്ചു.
സാൻ ജുവാൻ ബൗട്ടിസ്റ്റ ഡി മസയ പള്ളിയിലെ ഇടവക പുരോഹിതനായിരുന്ന ഫാ. ഹാർവിംഗ് പാഡില്ലയെ, സെപ്തംബർ 28 -ന് നാടുകടത്താൻ (ഇപ്പോഴും വെളിപ്പെടുത്താത്ത ഒരു രാജ്യത്തേക്ക്) ശ്രമിച്ചതിനുശേഷമാണ് ഡാനിയൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും സർക്കാർ ഈ പ്രതികാരനടപടികൾ സ്വീകരിച്ചത്. കൂടാതെ, വൈദികരുടെ ബന്ധുക്കൾക്ക്, അവർ ഇപ്പോഴുള്ള സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളില്ലെന്നും, വൈദികരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകർ മുമ്പ് ഇതേ ഔട്ട്ലെറ്റിൽ റിപ്പോർട്ട് ചെയ്തിരുന്നു.
നിലവിൽ 13 വൈദികർ തടവിലായിട്ടുണ്ട്; അവരിൽ ഭൂരിഭാഗവും എസ്റ്റെലി രൂപതയിൽപെട്ടവരാണ്. ബിഷപ്പ് റോളാൻഡോ അൽവാരസ് അന്യായമായി 26 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട വ്യക്തിയാണ്. ഒക്ടോബർ ഒന്നിനും ഒമ്പതിനും ഇടയിൽമാത്രം, ഏകാധിപത്യഭരണകൂടം ആറോളം കത്തോലിക്കാ പുരോഹിതരെ തടവിലാക്കി.