യുദ്ധത്തിനിടയിലെ വിദ്യാഭ്യാസം: വിശുദ്ധനാട്ടിലെ പ്രതീക്ഷയുടെ വിളക്കുമാടം

ഇസ്രായേലിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലും, മെച്ചപ്പെട്ട ഭാവി രൂപപ്പെടുത്തുന്നതിൽ വിദ്യാഭ്യാസത്തിന്റെ നിർണ്ണായക പങ്കിനെക്കുറിച്ച് ഊന്നിപ്പറഞ്ഞ് പലസ്തീനിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് സ്കൂളുകളുടെ ജനറൽ ഡയറക്ടർ ഫാ. യാക്കൂബ് റാഫിദി. യുദ്ധം വിദ്യാർഥികളിൽ വിനാശകരമായ ആഘാതം സൃഷ്ടിച്ചിട്ടും സമാധാനം സ്ഥാപിക്കുന്നതിനും സംഭാഷണത്തിലൂടെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനും പഠിപ്പിക്കുന്നതിലുള്ള പ്രതിബദ്ധതയിൽ ഫാ. റാഫിദി ഉറച്ചുനിൽക്കുന്നു.

തുടർച്ചയായി നടക്കുന്ന അക്രമങ്ങൾ ആരെയും സ്പർശിച്ചിട്ടില്ല. പലസ്തീൻ പ്രദേശങ്ങളിലെ ഏകദേശം 20% വിദ്യാർഥികൾക്ക് സാധാരണ സാഹചര്യങ്ങളിൽപോലും മാനസികപിന്തുണ ആവശ്യമുള്ള കുട്ടികളാണ്. എന്നിരുന്നാലും, നിലവിലെ പ്രതിസന്ധി കാരണം ഈ എണ്ണം ക്രമാതീതമായി വർധിച്ചതായി ഫാ. റാഫിദി വ്യക്തമാക്കുന്നു. “ഇപ്പോൾ രക്തം, സംഘർഷം, നാശനഷ്ടം, യുദ്ധം എന്നിവ കാരണം എല്ലാവർക്കും മാനസികചികിത്സ ആവശ്യമാണെന്ന് പറയാൻ കഴിയും” – അദ്ദേഹം പറയുന്നു.

വിദ്യാർഥികൾക്ക്, അക്രമത്തിന്റെ ദൈനംദിന യാഥാർഥ്യത്തിൽനിന്നു രക്ഷപെടാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ അധ്യാപകർ കഠിനമായി പരിശ്രമിക്കുന്നു. “അക്രമം പ്രശ്‌നങ്ങൾ പരിഹരിക്കില്ലെന്നും മറ്റുള്ളവരെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാൻ കുട്ടികളെ പരിശീലിപ്പിക്കാനും ഞങ്ങൾ ശ്രമിക്കുന്നു” – ഫാ. റാഫിദി കൂട്ടിച്ചേർത്തു.

കുട്ടികൾക്ക് ലക്ഷ്യബോധവും പ്രതീക്ഷയും നൽകുന്നതിൽ വിദ്യാഭ്യാസം നിർണ്ണായകമാണെന്ന് ഫാ. റാഫിദി വിശ്വസിക്കുന്നു. അതിശക്തമായ വെല്ലുവിളികൾക്കിടയിലും ജറുസലേമിലെ പാത്രിയാർക്കേറ്റ്, മാനുഷികവും ആത്മീയവുമായ മൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം നൽകുന്നത് തുടരുകയാണ്. രാഷ്ട്രീയ ചർച്ചകളിലൂടെയോ, അന്താരാഷ്ട്ര നയതന്ത്രത്തിലൂടെയോ മാത്രം യഥാർഥ സമാധാനം കൈവരിക്കാൻ കഴിയില്ലെന്ന് ഊന്നിപ്പറയുന്ന ഫാ. റാഫിദി, വിശ്വാസത്തിൽനിന്ന് ശക്തിയാർജിക്കുന്നു.

വിശുദ്ധനാട്ടിലെ അക്രമങ്ങൾ അവസാനിപ്പിക്കുന്നതിനായി 2024 ഒക്‌ടോബർ ഏഴിന്, ലോകമെമ്പാടുമുള്ള ക്രൈസ്തവർക്കൊപ്പം പാത്രിയാർക്കേറ്റും പ്രാർഥനയിൽ പങ്കുചേരും. “ദൈവത്തോടൊപ്പം നമുക്ക് എല്ലാം ചെയ്യാൻ കഴിയും. എന്നാൽ മനുഷ്യർക്ക് അത് അസാധ്യമാണ്. കാരണം, അവർക്ക് രാഷ്ട്രീയവും സാമ്പത്തികവുമായ താല്പര്യങ്ങൾ കൂടുതലാണ്.”

യുദ്ധം, സാമ്പത്തിക തകർച്ച, അക്രമം എന്നിവയ്ക്കിടയിലും വിദ്യാഭ്യാസം പ്രതീക്ഷയുടെ വിലയേറിയ ഉറവിടമായി തുടരുന്നു. ഫാ. റാഫിദിയുടെ ദൗത്യം വ്യക്തമാണ്; കുട്ടികൾക്ക് മികച്ച ഭാവി രൂപപ്പെടുത്തുന്ന വിദ്യാഭ്യാസം നൽകുന്നതു തുടരുക. “പ്രതീക്ഷയില്ലാതെ നമുക്ക് തുടരാനാവില്ല” – അദ്ദേഹം പറയുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.