ശ്രീലങ്കയിലെ ഈസ്റ്റർ ദിന ബോംബാക്രമണം: കൊല്ലപ്പെട്ടവരെ ‘വിശ്വാസത്തിന്റെ നായകന്മാർ’ ആയി പ്രഖ്യാപിച്ച് വത്തിക്കാൻ

2019 ലെ ഈസ്റ്റർ ബോംബാക്രമണത്തിൽ ശ്രീലങ്കയിൽ കൊല്ലപ്പെട്ട 167 പേരെ ‘വിശ്വാസത്തിന്റെ നായകന്മാർ’ ആയി പ്രഖ്യാപിച്ച് വത്തിക്കാൻ. സംഭവത്തിന്റെ ആറാം വാർഷിക പരിപാടിയിലാണ് രാജ്യത്തെ കർദിനാൾ മാൽക്കം രഞ്ജിത്ത് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈസ്റ്റർ ഞായറാഴ്ച കുർബാനയ്ക്കിടെ കത്തോലിക്കാ പള്ളികളെയും പഞ്ചനക്ഷത്ര ഹോട്ടലുകളെയും ലക്ഷ്യമിട്ടു നടത്തിയ ചാവേർ ആക്രമണത്തിൽ 269 പേർ കൊല്ലപ്പെട്ടിരുന്നു.

വത്തിക്കാൻ അംഗീകരിച്ചവർ ആക്രമിക്കപ്പെട്ട പള്ളികളിൽ കുർബാനയിൽ പങ്കെടുത്ത കത്തോലിക്കാ വിശ്വാസികളായിരുന്നു. 2009 ൽ ആഭ്യന്തരയുദ്ധം അവസാനിച്ചതിനുശേഷം നടന്ന വലിയ ആക്രമണമായിരുന്നു അത്. രാജ്യത്തെ ഈ ബോംബാക്രമണങ്ങൾ അക്ഷരാർഥത്തിൽ എല്ലാവരെയും നടുക്കിയ ഒന്നായിരുന്നു. ആക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളും വിവാദപരമായിരുന്നു.

അതേസമയം ആക്രമണങ്ങളുടെ ഉത്തരവാദിത്തം മുസ്ലീം തീവ്രവാദികൾ ഏറ്റെടുത്തിരുന്നു. എന്നാൽ ഇരകളുടെ കുടുംബങ്ങളിൽ നിന്നും ദ്വീപിലെ ന്യൂനപക്ഷ ക്രിസ്ത്യൻ സമൂഹത്തിൽ നിന്നും, തങ്ങൾക്കു നീതി ലഭിച്ചില്ലെന്ന പരസ്യമായ വിമർശനം ഉയർന്നിട്ടുണ്ട്. സ്ഫോടനങ്ങൾ നടത്തിയെന്നു സംശയിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്നതിൽ സർക്കാർ കാലതാമസം വരുത്തുകയാണെന്നും അവർ ആരോപിക്കുന്നു. ആക്രമണങ്ങളെക്കുറിച്ചുള്ള ഇന്റലിജൻസ് മുന്നറിയിപ്പുകൾ സുരക്ഷാമേധാവികളോ, അക്കാലത്തെ സർക്കാരോ പാലിച്ചില്ലെന്ന വിവരം പുറത്തുവന്നതോടെ രോഷം വർധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.