മയക്കുമരുന്നു കടത്തുകാർ മരണവ്യാപാരികൾ: മാർപാപ്പ

മയക്കുമരുന്നു കടത്തുകാർ മരണവ്യാപാരികൾ ആണെന്ന് ഫ്രാൻസിസ് പാപ്പ. അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധദിനമായ ജൂൺ 26-ന് വത്തിക്കാനിൽ പ്രതിവാര പൊതുദർശന പരിപാടിക്കിടെ പ്രഭാഷണം നടത്തുകയായിരുന്നു മാർപാപ്പ. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ 1987-ൽ ആണ് ഈ ദിനം ഏർപ്പെടുത്തിയത്. ഈ ആചരണത്തിൻറെ ഇക്കൊല്ലത്തെ പ്രമേയം ‘തെളിവുകൾ സുവ്യക്തമാണ്: പ്രതിരോധത്തിനായി മുതൽമുടക്കണം’ എന്നതാണ്.

മയക്കുമരുന്ന് ഉത്പാദനവും മയക്കുമരുന്ന് കടത്തും തടയുകയെന്നത് നമ്മുടെ ധാർമിക ഉത്തരവാദിത്വമാണെന്ന് മാർപാപ്പ പറഞ്ഞു. മയക്കുമരുന്ന് ഉപയോഗം സമൂഹത്തെ ഏറെ ദോഷകരമായി ബാധിക്കുന്നു. ചില രാജ്യങ്ങളിൽ നടപ്പാക്കിയതുപോലെ, മയക്കുമരുന്നിന്റെ ഉപഭോഗം ഉദാരമാക്കുന്നതിലൂടെ മയക്കുമരുന്ന് ആശ്രിതത്വം കുറയ്ക്കാൻ കഴിയില്ല. ഇതൊരു വ്യാമോഹമാണ്. ഉദാരമാക്കപ്പെടുമ്പോൾ ഒരുവൻ അതു കൂടുതൽ ഉപയോഗിക്കുന്നു. മയക്കുമരുന്നിന് അടിമകളായവരുടെയും അവരുടെ കുടുംബങ്ങളുടെയും നിരവധി ദുരന്തകഥകൾ അറിയാവുന്നതിനാൽ, അപകടരമായ ഈ വസ്‌തുക്കളുടെ ഉത്പാദനവും കടത്തും അവസാനിപ്പിക്കേണ്ടത് ധാർമികമായ ഉത്തരവാദിത്വമാണ് – മാർപാപ്പ പറഞ്ഞു.

മയക്കുമരുന്ന് ഉത്പാദനവും കടത്തും പരിസ്ഥിതിയിൽ വിനാശകരമായ സ്വാധീനമുണ്ടാക്കുമെന്ന് ആമസോണിലെ സാഹചര്യം ചൂണ്ടിക്കാട്ടി മാർപാപ്പ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.