‘നശാ മുക്ത് ഭാരത് അഭിയാൻ’ ദ്വിദിന പരിശീലന പരിപാടി സമാപിച്ചു.

കാക്കനാട്: രാജ്യത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നുവന്ന ദ്വിദിന പരിശീലന പരിപാടി സമാപിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ സിനോ സേവി സമാപനസന്ദേശം നൽകി.

വിവിധ വിഷയങ്ങളിൽ മാസ്റ്റർ ട്രെയ്നർമാരായ ഫ്രാൻസിസ് മൂത്തേടൻ, ഡോ കെ ആർ അനീഷ് , ഡോ ജാക്സൺ തോട്ടുങ്കൽ, അഡ്വ ചാർളി പോൾ, ഡോ ദയാ പാസ്ക്കൽ, ബാബു പി ജോൺ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

ലഹരിക്കെതിരെ പൊതുജനങ്ങളിൽ അവബോധം നൽകുക, സ്കൂൾ-കോളേജ്-യൂത്ത് ക്ലബ് എന്നിവ വഴി യുവാക്കൾക്കിടയിൽ ക്യാമ്പയ്ൻ നടത്തുക, ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി കൗൺസലിംഗ് നൽകുക, അവരെ ഡി-അഡിക്ഷൻ കേന്ദ്രങ്ങളിൽ എത്തിച്ചു ചികിത്സ നൽകുക എന്നിവയാണ് കേന്ദ്രസർക്കാർ പദ്ധതിയായ ‘നശാ മുക്ത് ഭാരത് അഭിയാന്റെ’ പ്രധാന ലക്ഷ്യങ്ങൾ.

മാസ്റ്റർ വൊളണ്ടിയേഴ്സിനുള്ള തുടർ പരിശീലനം ഇനി ഓൺലൈൻ വഴി തുടരും. 75 പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ലഹരിവിരുദ്ധ ക്ലാസുകൾക്ക് സാമൂഹ്യനീതി വകുപ്പിന്റെ സേവനം ലഭ്യമാണ്.

സിനോ സേവി, ജില്ലാ സാമൂഹ്യനീതി ഓഫീസർ, കാക്കനാട് കളക്ട്രേറ്റ്, എറണാകുളം ജില്ല

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.