പടിഞ്ഞാറൻ ഉക്രൈനിലെ കാത്തലിക് ചാരിറ്റിയുടെ വെയർഹൗസ് തകർത്ത് റഷ്യൻ ആക്രമണം

ചൊവ്വാഴ്ച രാവിലെ പടിഞ്ഞാറൻ ഉക്രേനിയൻ നഗരമായ ലിവിവിൽ നടന്ന ഒരു ഡ്രോൺ ആക്രമണത്തിൽ 300 ടൺ മാനുഷികസഹായങ്ങൾ അടങ്ങുന്ന കത്തോലിക്കാ ചാരിറ്റിയുടെ വെയർഹൗസ് തകർന്നു. കത്തോലിക്കാ സഹായ ഏജൻസിയായ കാരിത്താസ്-സ്പെസ് ഉപയോഗിച്ചിരുന്ന വെയർഹൗസ് ആണ് ആക്രമണത്തിൽ തകർന്നത്. ഉക്രൈനിലെ സാധാരണക്കാർക്കു നൽകാൻ വത്തിക്കാൻ സംഭാവനചെയ്ത സഹായങ്ങളും ഈ സംഭരണകേന്ദ്രത്തിലുണ്ടായിരുന്നു.

ഏകദേശം 81,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വെയർഹൗസ് ആണ് തകർന്നത്. പോളണ്ടിലെയും യൂറോപ്പിന്റെ മറ്റുഭാഗങ്ങളിലെയും കുടുംബങ്ങൾ സംഭാവനചെയ്ത വസ്തുക്കൾ അവിടെ സംഭരിച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. വ്യാസെസ്ലാവ് ഗ്രിനെവിച്ച് വെളിപ്പെടുത്തി. ഡിനിപ്രോ, ഖാർകിവ്, കെർസൺ തുടങ്ങിയ നഗരങ്ങളിലേക്കു കൈമാറുന്നതിനുള്ള സാധനങ്ങളായിരുന്നു തകർന്ന വെയർഹൗസിൽ ഉണ്ടായിരുന്നത്.

പ്രാദേശികസമയം പുലർച്ചെ അഞ്ചുമണിയോടെ ആക്രമണം നടന്നതിനാൽ ആളപായമൊന്നും ഉണ്ടായില്ല എന്ന് ഫാ. വ്യാസെസ്ലാവ് ഗ്രിനെവിച്ച് വ്യക്തമാക്കി. വരുന്ന ശൈത്യത്തിൽ വളരെ ആവശ്യമായി വന്നേക്കാവുന്ന സംരക്ഷിത ഭക്ഷണം, വസ്ത്രങ്ങൾ, ശുചിത്വ കിറ്റുകൾ, ജനറേറ്ററുകൾ തുടങ്ങിയവയും നശിച്ച വസ്തുക്കളിൽ ഉൾപ്പെടുന്നു. ഡ്രോൺ നേരിട്ട് വെയർഹൗസിനെ ലക്ഷ്യംവച്ചതായുള്ള സംശയവും ഫാ. ഗ്രിനെവിച്ച് പ്രകടിപ്പിച്ചു. നമ്മളെ സംബന്ധിച്ചിടത്തോളം റഷ്യ സൈനികവസ്തുക്കളെയും അടിസ്ഥാനസൗകര്യങ്ങളെയും മാത്രമല്ല, മാനുഷികവസ്തുക്കളെയും ആക്രമിക്കുന്നു എന്നതിന്റെ ഒരു അടയാളം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.