മതത്തെ സംഘർഷത്തിനുള്ള ഉപകരണമാക്കരുത്: ജക്കാർത്തയിൽ സമാധാനത്തിനായി ആഹ്വാനം ചെയ്‌തുകൊണ്ട് മാർപാപ്പയും ഇമാമും

മതത്തെ സംഘർഷത്തിനുള്ള ഉപകരണമാക്കരുതെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പയും ഇമാം നസറുദീൻ ഉമറും. തലസ്ഥാനമായ ജക്കാർത്തയിലെ ഇസ്തിഖ്‌ലാൽ പള്ളിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുവരും സമാധാനത്തിനായി ആഹ്വാനം നടത്തിയത്. പാപ്പയും ഗ്രാൻഡ് ഇമാമുമായി ചേർന്ന് മതസൗഹാർദവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച പ്രഖ്യാപനത്തിൽ ഒപ്പുവയ്ക്കുകയും ആറ് മതങ്ങളുടെ പ്രാദേശികനേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

“എല്ലാ വ്യത്യസ്തതകൾക്കിടയിലും നാമെല്ലാവരും സഹോദരരും തീർഥാടകരും ദൈവത്തിലേക്ക് സഞ്ചരിക്കുന്നവരുമാണ്. യുദ്ധം, സംഘർഷം, പരിസ്ഥിതിനാശം എന്നിവയാൽ സൃഷ്ടിക്കപ്പെട്ട ഗുരുതരമായ പ്രതിസന്ധിയാണ് ഇന്ന് മാനവികത നേരിടുന്ന ഏറ്റവും വലിയ അപകടം. ഇവയ്‌ക്കെതിരെ നമുക്ക് ഒന്നിക്കാം” – പാപ്പ മോസ്കിൽ നടന്ന സമ്മേളനത്തിൽ ആഹ്വാനം ചെയ്തു. കൂടിക്കാഴ്ചയിൽ പാപ്പയും ഇമാം നസറുദീൻ ഉമറും ചേർന്ന് ഇസ്തിഖ്‌ലാൽ പള്ളിയെ തെരുവിനു കുറുകെയുള്ള കത്തോലിക്കാ കത്തീഡ്രലുമായി ബന്ധിപ്പിക്കുന്ന 28 മീറ്റർ (91 അടി) തുരങ്കവും സന്ദർശിച്ചു.

മോസ്കിൽ നടന്ന സർവമത സംഗമത്തിൽ മാർപാപ്പ അധ്യക്ഷത വഹിച്ചു. 87-കാരനായ ഫ്രാൻസിസ് പാപ്പ ചൊവ്വാഴ്ചയാണ് തന്റെ അപ്പസ്തോലിക സന്ദർശനം ആരംഭിച്ചത്. 11 ദിവസം നീണ്ടുനിൽക്കുന്ന ഈ സന്ദർശനം മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശയാത്രയാണ്. ഇസ്തിഖ്‌ലാൽ പള്ളിയിലെ കൂടിക്കാഴ്ചയ്ക്കുശേഷം ജക്കാർത്തയിലെ സ്റ്റേഡിയത്തിൽ മാർപാപ്പ അർപ്പിച്ച കുർബാനയിൽ ഒരുലക്ഷം വിശ്വാസികൾ പങ്കെടുത്തു. വിശ്വാസികൾ ഏറെ ആവേശത്തോടെയാണ് പാപ്പയെ സ്വീകരിച്ചത്.

വരുംദിവസങ്ങളിൽ ഫ്രാൻസിസ് പാപ്പ പാപുവ ന്യൂ ഗിനിയ, തിമോർ ലെസ്റ്റെ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കു പോകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.