സെൽഫോണിൽ സ്വയം പൂട്ടിയിടരുതെന്നും സംഭാഷണം ഒരു കുടുംബത്തിൽ പ്രധാന ഘടകമാണെന്നും കത്തോലിക്കാ വിശ്വാസികളെ ഓർമപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. തിരുക്കുടുംബത്തിന്റെ തിരുനാൾ ദിനമായ ഡിസംബർ 29 ഞായറാഴ്ച ആഞ്ചലൂസ് പ്രാർഥനയ്ക്ക് മുൻപ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഒത്തുകൂടിയ വിശ്വാസികളോട് പാപ്പ ആഹ്വാനം ചെയ്തു.
“നമുക്ക് നസ്രത്തിലെ തിരുകുടുംബത്തെ ഒന്ന് നോക്കാം. ആ കുടുംബം മാതൃകയാകുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? കാരണം സംഭാഷണം നടത്തുന്ന, പരസ്പരം കേൾക്കുന്ന, സംസാരിക്കുന്ന ഒരു കുടുംബമാണത്. ഒരു കുടുംബത്തിൽ സംഭാഷണം ഒരു പ്രധാന ഘടകമാണ്. ആശയവിനിമയം നടത്താത്ത ഒരു കുടുംബത്തിന് സന്തോഷകരമായ കുടുംബമാകാൻ കഴിയില്ല”- പാപ്പ ഉദ്‌ബോധിപ്പിച്ചു.
“കുടുംബത്തിൽ സംഭാഷണത്തിനും ശ്രവണത്തിനും ഉള്ള പ്രത്യേക സമയമാണ് ഭക്ഷണസമയം. മേശയിലിരുന്ന് സംസാരിക്കുന്നത് നല്ലതാണ്. ഇതിന് നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കാനാകും. എല്ലാറ്റിനുമുപരിയായി, ഇത് തലമുറകളെ ഒന്നിപ്പിക്കുന്നു- കുട്ടികൾ മാതാപിതാക്കളോട് സംസാരിക്കുന്നു, പേരക്കുട്ടികൾ അവരുടെ മുത്തശ്ശിമാരോട് സംസാരിക്കുന്നു. ഒരിക്കലും സെൽഫോണിൽ നിങ്ങളെത്തന്നെ സ്വയം പൂട്ടിയിടരുത്. പരസ്പരം സംസാരിക്കുക, കേൾക്കുക”- പാപ്പ വെളിപ്പെടുത്തി.