വാർത്താമാധ്യമങ്ങളിലൂടെ സുവിശേഷവത്കരണം നടത്തുകയും അതുവഴി ക്രിസ്തു തന്റെ ശിഷ്യർക്കു നൽകിയ നിയോഗം തുടരുകയും ചെയ്യുന്ന വ്യക്തികളെ സഭയിൽ ആവശ്യമുണ്ടെന്ന് ഫ്രാൻസിസ് പാപ്പ. വടക്കേ അമേരിക്ക കേന്ദ്രീകരിച്ച് ക്രൈസ്തവസന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പരിപാടികൾ പ്രക്ഷേപണം ചെയ്യുന്ന ഇ. എസ്. എൻ. ഇ. (ESNE) ടെലിവിഷൻ ചാനൽ പ്രതിനിധിസംഘത്തിന് വത്തിക്കാനിൽ സ്വകാര്യ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, വാർത്താമാധ്യമങ്ങൾക്ക് സുവിശേഷപ്രഘോഷണരംഗത്തുള്ള പ്രാധാന്യം പാപ്പ ഓർമിപ്പിച്ചത്.
വാർത്താവിനിമയരംഗത്ത് പ്രധാന മധ്യസ്ഥനായി നമുക്ക് പരിശുദ്ധ ത്രിത്വത്തെ കാണാമെന്നു പറഞ്ഞ പാപ്പ, ഇത് ത്രിത്വത്തിലെ മൂവരും തമ്മിൽ നിരന്തരം ആശയവിനിമയം നടത്തി മുന്നോട്ടുപോകുന്നു എന്നതിനാലാണെന്നു വിശദീകരിച്ചു. പുതിയ സുവിശേഷവത്കരണത്തിനുള്ള വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ക്ഷണത്തിന് ഇ. എസ്. എൻ. ഇ. സ്ഥാപനത്തിലൂടെ നൽകിയ പ്രത്യുത്തരത്തിന് ചാനൽ സ്ഥാപകനും സഹപ്രവർത്തകർക്കും ഫ്രാൻസിസ് പാപ്പ നന്ദിപറഞ്ഞു.
വിശുദ്ധ കുർബാനയും ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട മറ്റു പരിശീലനങ്ങളും സഭാവാർത്തകളും നേരിട്ടു ലഭിക്കുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന മനുഷ്യർക്ക്, അത് മാധ്യമങ്ങളിലൂടെ സാധ്യമാക്കുന്നതിനായി സഹായിക്കുന്നതിനും പാപ്പ നന്ദിപറഞ്ഞു.
കടപ്പാട്: വത്തിക്കാൻ ന്യൂസ്