കുട്ടികളുടെ ഭാവി ഇല്ലാതാക്കുന്നതും വംശഹത്യയാണ്: ഫ്രാൻസിസ് പാപ്പ

ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ള ഒരു കാലത്താണ് നാം ജീവിക്കുന്നതെങ്കിലും അതിനെക്കാൾ, കുട്ടികൾക്ക് വിദ്യാഭ്യാസ സാധ്യതകൾ നിഷേധിക്കപ്പെടുന്നുണ്ടെന്നും ഒരുതരത്തിലുള്ള വംശഹത്യയാണ് ഇതെന്നും ഫ്രാൻസിസ് പാപ്പ. സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രഥമ പ്ലീനറി സമ്മേളനത്തിൽ സംബന്ധിച്ചവർക്ക് നവംബർ 21 ന് വത്തിക്കാനിൽ സ്വകാര്യ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, വിദ്യാഭ്യാസം എന്ന കുട്ടികളുടെ അവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പ സംസാരിച്ചത്.

കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കാതിരിക്കുകയെന്നത് അവരുടെ ഭാവിയെ ഇല്ലാതാക്കുന്ന ഒരു പ്രവർത്തിയാണെന്നും ഇത് ഒരുതരത്തിലുള്ള സാംസ്കാരികമായ വംശഹത്യയാണെന്നും പാപ്പ പറഞ്ഞു. കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിലൂടെ അവർക്ക് തങ്ങളുടെ ജീവിതലക്ഷ്യങ്ങളും സാധ്യതകളും സാക്ഷാത്കരിക്കാനുള്ള സാധ്യതയാണ് ഇല്ലാതാകുന്നത്. ലോകത്ത് 25 കോടി കുട്ടികൾക്കാണ് വിദ്യാഭ്യാസസാധ്യതകൾ നിഷേധിക്കപ്പെടുന്നതെന്ന് പാപ്പ പറഞ്ഞു. അങ്ങനെയുള്ളവരെ സഹായിക്കുകയെന്ന ധാർമികമായ കടപ്പാട് നമുക്കുണ്ടെന്ന് ഡിക്കാസ്റ്ററി അംഗങ്ങളെ പാപ്പ ഓർമിപ്പിച്ചു.

വിദ്യാഭ്യാസരംഗത്ത് മികച്ച വിജയശതമാനം നേടുക എന്നതു മാത്രമാകരുത് നമ്മുടെ ലക്ഷ്യമെന്നും സാംസ്‌കാരിക-വിദ്യാഭ്യാസരംഗങ്ങളിൽ കൂടുതൽ വിശാലമായ ചക്രവാളങ്ങൾ തുറക്കാൻ സഹായിക്കുന്ന കലാകാരന്മാരെയും കഴിവുള്ളവരെയും വളർത്തിയെടുക്കുകയാണ് വേണ്ടതെന്നും പാപ്പ ഓർമിപ്പിച്ചു. ക്രിസ്തു എന്ന നായകനും സഹചാരിയും ഒപ്പമുള്ള നാം ഭയപ്പെടേണ്ടവരല്ലെന്നും സാംസ്‌കാരിക-വിദ്യാഭ്യാസ പൈതൃകങ്ങളുടെ കാവൽക്കാരാണ് നാമെന്ന് മറക്കരുതെന്നും പാപ്പ പറഞ്ഞു. പ്രത്യാശ കൈവിടാതെ മുന്നോട്ടുപോകേണ്ടതുണ്ടെന്നും പാപ്പ ഏവരെയും ഓർമിപ്പിച്ചു.

വത്തിക്കാൻ കൂരിയ ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായി 2022 ജൂണിലാണ് ഫ്രാൻസിസ് പാപ്പ സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള ഡിക്കാസ്റ്ററി സ്ഥാപിച്ചത്.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.