ഡിസംബർ എട്ടിന് ക്രൈസ്തവർ നിരവധി പീഡനങ്ങൾ നേരിടുന്ന നിക്കരാഗ്വയിലെ സഭയ്ക്കുവേണ്ടിയുള്ള പ്രാർഥനാദിനമായി ആചരിക്കുന്നു. മധ്യ അമേരിക്കയിലെ ബിഷപ്പുമാരാണ് പ്രത്യേക പ്രാർഥനാദിനത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. മധ്യ അമേരിക്കയിലെ എപ്പിസ്‌കോപ്പൽ സെക്രട്ടേറിയറ്റിന്റെ 82-ാമത് അസംബ്ലിയിൽ പ്രഖ്യാപിച്ച ഈ സംരംഭം, വളരെയധികം മതപീഡനങ്ങൾ നേരിടുന്ന നിക്കരാഗ്വൻ കത്തോലിക്കരോടുള്ള ഐക്യദാർഢ്യമാണ്.
അമലോത്ഭവ തിരുനാളായ ഡിസംബർ എട്ടിന് നടത്തുന്ന പ്രാർഥനാദിനം പ്രത്യേകിച്ചും ശ്രദ്ധേയമാണ്. നിക്കരാഗ്വയുടെ അമ്മയും രക്ഷാധികാരിയുമായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾദിനത്തിലാണ് രാജ്യത്തിനുവേണ്ടി പ്രത്യേകം പ്രാർഥിക്കുന്നത്. നിലവിലെ പ്രതിസന്ധികൾക്കിടയിൽ ഈ പ്രാർഥനാദിനം വളരെ ആവശ്യമാണ്. മധ്യ അമേരിക്കയിലെയും ലോകമെമ്പാടുമുള്ള കത്തോലിക്കരെയും നിക്കരാഗ്വൻ വിശ്വാസികളോടൊപ്പം ഈ പ്രാർഥനാദിനത്തിൽ പങ്കുചേരാൻ മധ്യ അമേരിക്കയിലെ ബിഷപ്പുമാർ ആഹ്വാനം ചെയ്യുന്നു.
കഴിഞ്ഞ ഒരുവർഷമായി, പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള നിക്കരാഗ്വൻ സർക്കാർ കത്തോലിക്കാ സഭയ്‌ക്കെതിരായ അടിച്ചമർത്തൽ ശക്തമാക്കി. ഇരുനൂറിലധികം മതനേതാക്കളെ പുറത്താക്കുകയും പുരോഹിതരെ തടവിലാക്കുകയും ചെയ്‌തു. ബിഷപ്പ് റൊളാൻഡോ അൽവാരസിന്റെ അറസ്റ്റും തുടർന്നുള്ള നാടുകടത്തലും രാജ്യത്തിന്റെ ബിഷപ്പ് കോൺഫറൻസിന്റെ പ്രസിഡന്റായ ജിനോടെഗയിലെ ബിഷപ്പ് കാർലോസ് ഹെരേരയുടെ നാടുകടത്തലും ഏറ്റവും ശ്രദ്ധേയമായ കേസുകളിൽ ഉൾപ്പെടുന്നു.