ഒക്ടോബർ ഏഴ് പ്രാർഥനയുടെയും ഉപവാസത്തിന്റെയും ദിനമെന്ന് ജറുസലേം പാത്രിയർക്കീസ് ​​

ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ക്രൂരമായ ആക്രമണത്തിന്റെ ഒന്നാം വാർഷിക ദിനമായ ഒക്ടോബർ ഏഴിന് പ്രാർഥനയുടെയും ഉപവാസത്തിന്റെയും ദിനമായി പ്രഖ്യാപിച്ച് ജറുസലേമിലെ കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ല. ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിനെ അഭിസംബോധന ചെയ്ത് സെപ്റ്റംബർ 26 ന് എഴുതിയ കത്തിലാണ് ഈ ആഹ്വാനം.

“ഒക്‌ടോബർ മാസം അടുത്തുവരികയാണ്, കഴിഞ്ഞ ഒരു വർഷമായി വിശുദ്ധനാട് മാത്രമല്ല, ചുറ്റുപാടും മുമ്പൊരിക്കലും കാണാത്തതോ അനുഭവിക്കാത്തതോ ആയ അക്രമത്തിന്റെയും വെറുപ്പിന്റെയും ചുഴലിക്കാറ്റിൽ മുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷമായി നാം കണ്ട ദുരന്തങ്ങളുടെ തീവ്രതയും ആഘാതവും നമ്മുടെ മനസ്സാക്ഷിയെയും മനുഷ്യത്വബോധത്തെയും ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്,” -കർദ്ദിനാൾ പിസബല്ല കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ 1,200 ഇസ്രായേലികളെ ഹമാസ് ഭീകരർ കൊലപ്പെടുത്തി. 251 സാധാരണക്കാരെ ബന്ദികളാക്കി. ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ഹമാസ് ഭീകരർ ഉൾപ്പെടെ മൊത്തം 40,005 പാലസ്തീൻകാരും വെസ്റ്റ്ബാങ്കിൽ 623 പേരും കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള പാലസ്തീൻ ആരോഗ്യ മന്ത്രാലയം കണക്കാക്കുന്നു.

അതിനിടെ, ലെബനനും ഇസ്രായേലും തമ്മിലുള്ള സ്ഥിതിഗതികൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ഒക്ടോബർ ഏഴു മുതൽ ഇരുവശത്തും ബോംബിംങ്ങും മിസൈൽ ആക്രമണങ്ങളും തുടരുകയാണ്. സെപ്തംബർ 23 ന് ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ, 50 കുട്ടികളും 94 സ്ത്രീകളും ഉൾപ്പെടെ 558 പേർ കൊല്ലപ്പെട്ടു. 800 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സംഘർഷത്തിന്റെ തുടക്കം മുതൽ, കർദ്ദിനാൾ പിസ്സബല്ല മേഖലയിൽ സമാധാനത്തിനും വെടിനിർത്തലിനും വേണ്ടി അശ്രാന്തമായി പരിശ്രമിക്കുകയാണ്. ഒക്‌ടോബർ ഏഴിന് ജപമാല രാജ്ഞിയായ മറിയത്തിന്റെ തിരുനാൾ ദിനവും കൂടിയാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.