വഖഫുമായി ബന്ധപ്പെട്ട് മുനമ്പം നിവാസികൾ കടന്നുപോയ ചതിയുടെ നാൾവഴികളെ ഫാ. ജോഷി മയ്യാറ്റിൽ അടയാളപ്പെടുത്തുന്നു.
1995 ൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന വഖഫ് ആക്ടിലൂടെ ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും കുഴിച്ചുമൂടപ്പെട്ടുവെന്നും മതാധിപത്യവും വർഗീയപ്രീണനവും പ്രബലപ്പെട്ടുവെന്നും അനുഭവങ്ങൾ തെളിയിക്കുന്നു. മുസ്ലിങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരെ കോൺഗ്രസ് ചതിച്ചതിന്റെ ദുരന്തഫലങ്ങൾ ഇപ്പോൾ ഇന്ത്യയിലെമ്പാടും മതഭേദമന്യെ മനുഷ്യർ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. നിയമനിർമാണത്തിലെ ചതിക്കുഴികൾ 29 വർഷം കഴിഞ്ഞപ്പോഴാണ് നമ്മളിൽ പലർക്കും മനസ്സിലായത്.
മുനമ്പംകാർക്കുമീതെ അത് രണ്ടുവർഷം മുമ്പ് ഇടിത്തീപോലെ പതിച്ചെങ്കിലും പൊതുജനമധ്യത്തിലേക്ക് അത് എത്താതിരിക്കാൻ തൽപരകക്ഷികൾ പ്രത്യേകം ശ്രദ്ധിച്ചുവെന്ന് വ്യക്തമാണ്. ക്രൈസ്തവവൃത്തങ്ങളിൽ ഈ വിഷയം ശ്രദ്ധനേടിയത് കഴിഞ്ഞ ആഗസ്റ്റ് പന്ത്രണ്ടാം തീയതി ദീപിക ദിനപ്പത്രത്തിൽ വഖഫ് ഭേദഗതിയുടെ പ്രസക്തിയെക്കുറിച്ച് ഞാൻ എഴുതിയ ലേഖനത്തിലൂടെയാണ്. ആഗസ്റ്റ് 28-ാം തീയതി നരേന്ദ്ര മോദി സർക്കാർ പാർലമെന്റിൽ ഭേദഗതിബിൽ അവതരിപ്പിച്ചതോടെ ഇന്ത്യയിൽ അത് വൻചർച്ചയ്ക്കു വിഷയമായിത്തീർന്നു.
സ്ഥലം എം. പി. യുടെ ചതി
തെരഞ്ഞെടുപ്പുകാലത്ത് മുനമ്പത്തു നടന്ന സ്ഥാനാർഥിസംഗമത്തിൽ പങ്കെടുത്ത്, ചില നിഗൂഢശക്തികളാണ് ഈ പ്രശ്നങ്ങൾക്കു പിന്നിലെന്നു പ്രസ്താവിക്കുകയും എല്ലാം എളുപ്പത്തിൽ ശരിയാക്കാമെന്നു വാഗ്ദാനം നല്കുകയും ചെയ്ത എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് എം. പി. ആയ ശ്രീ. ഹൈബി ഈഡൻ കേന്ദ്ര സർക്കാർ പാർലമെന്റിൽ വഖഫ് ഭേദഗതിബിൽ അവതരിപ്പിച്ചപ്പോൾ സ്വന്തം നിയോജകമണ്ഡലത്തിൽപ്പെട്ട മുനമ്പം നിവാസികളുടെ പ്രശ്നം അവതരിപ്പിക്കാൻ ഒരു സുവർണ്ണാവസരമാണ് ലഭിച്ചത്. മറിച്ച്, അദ്ദേഹം ചെയ്തത് ഭേദഗതിബിൽ അവതരിപ്പിക്കുന്നതിനെതിരെ നോട്ടീസ് കൊടുക്കുകയാണ്. പാർട്ടിയുടേതിൽ നിന്നു വ്യത്യസ്തമായി ഒരു നിലപാടെടുക്കാൻ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല എന്നത് ഒരു വാദത്തിനുവേണ്ടി അംഗീകരിക്കാമെങ്കിലും, ആ വിഷയാവതരണം തടയാൻ അദ്ദേഹംതന്നെ നോട്ടീസ് നല്കി മുന്നിട്ടിറങ്ങിയത് എന്തിനായിരുന്നു. തങ്ങൾ അനുഭവിക്കുന്ന വഖഫ് ദുരന്തം നീങ്ങിക്കിട്ടാൻ അവസരമൊരുങ്ങുമ്പോൾ തങ്ങളുടെ എം. പി. തന്നെ അതിനെതിരെ നിലകൊണ്ടു എന്ന സത്യം ഹൃദയംപൊട്ടുന്ന വേദനയോടെയാണ് മുനമ്പംകാർ തിരിച്ചറിഞ്ഞത്.
മുനമ്പംകാരോടുള്ള അടുത്ത ചതി
മുനമ്പം പ്രശ്നത്തിന് വഖഫ് ആക്ടുമായി ബന്ധമില്ലെന്ന പ്രചാരണമാണ് കോൺഗ്രസ് പാർട്ടി നടത്തിയ അടുത്ത ചതി. ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുനമ്പത്തെത്തിയ പ്രതിപക്ഷനേതാവാണ് അത് പറഞ്ഞത്. ആ ആശയം പിന്നീട് കത്തോലിക്ക സഭയിലെ പലരും ഏറ്റെടുത്തു പ്രചരിപ്പിച്ചു. വഞ്ചിസ്ക്വയറിൽ നടന്ന ശ്രദ്ധക്ഷണിക്കൽ സമരത്തിൽ സംസാരിക്കാൻ നിയുക്തരായിരുന്ന എല്ലാവരോടും സംഘാടകർ നിർബന്ധമായും ആവശ്യപ്പെട്ടത്, മുനമ്പം വിഷയത്തെ വഖഫ് ആക്ടുമായി ബന്ധിപ്പിക്കരുത് എന്നായിരുന്നു. കോൺഗ്രസ് അടിമകളായ ലത്തീൻ കത്തോലിക്കാ നേതാക്കളും ഉത്തരവാദിത്തത്തിൽപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ചില വൈദികർപോലും ഈ നിലപാടാണ് പുലർത്തിയത്. ഇവരെല്ലാം ഉത്തരം നൽകേണ്ടിവരുന്ന ഒരു ചോദ്യമുണ്ട്: മുനമ്പം നിവാസികളുടെ ഭൂമിയുടെ അവകാശം വില്ലേജാഫീസിലും താലൂക്കാഫീസിലും വഖഫ് ബോർഡിന്റേതാക്കി മാറ്റിയത്, വഖഫ് ആക്ടനുസരിച്ചല്ലെങ്കിൽ മറ്റേതു നിയമത്തിന്റെ പിൻബലത്തിലാണ്. മുനമ്പം വിഷയത്തിൽ ഏറെ താൽപര്യത്തോടെ ഇടപെടുന്ന ചില ഉന്നതന്മാരുടെ തുടർനടപടികൾ തികച്ചും പരിഹാസ്യമാണ്. ജനം ഇത് വ്യക്തമായി കാണുന്നു.
മുനമ്പം വഖഫ് ഭൂമി അല്ലെന്ന് മുസ്ലീം പ്രസ്ഥാനങ്ങളെല്ലാം പറയുന്നുണ്ടോ?
കുഞ്ഞാലിക്കുട്ടിയും മുസ്ലീം ലീഗും പ്രസ്ഥാനങ്ങളും മതപണ്ഡിതന്മാരും മുനമ്പം, വഖഫ് ഭൂമിയായി കരുതുന്നില്ല എന്ന പ്രസ്താവനയും പ്രതിപക്ഷ നേതാവിന്റേതായി ഉണ്ടായിരുന്നു. KLCA പ്രസിഡന്റ്, KCBC വക്താവ്, വരാപ്പുഴ സഹായമെത്രാൻ എന്നിങ്ങനെ ചിലർ ഇത് ഏറ്റുപാടുന്നതും കേൾക്കാൻ കഴിഞ്ഞു. എങ്കിൽ എന്തുകൊണ്ട് അവർ അത് പരസ്യമായി പറയുന്നില്ല എന്ന ചോദ്യത്തിന് ഒരു യോഗത്തിൽ ഒരു നേതാവ് പറഞ്ഞ ഉത്തരം, ഒമ്പതോളം പ്രസ്ഥാനങ്ങളുടെ മുഖ്യനേതാക്കളെ വിളിച്ചുകൂട്ടി ഒരു പ്രസ്താവനയിറക്കുക ശ്രമകരമാണ് എന്നാണ്.
ശാസ്ത്രസാങ്കേതികവിദ്യകൾ ഇത്രയ്ക്കു വളർന്ന ഒരു കാലത്ത് ഇത്തരമുള്ള ഒരു പ്രസ്താവനയുടെ ധ്വനി വളരെ വ്യക്തമാണ് – ആത്മാർഥതയില്ലാത്ത വാചകമടി. ആത്മാർഥതയുണ്ടെങ്കിൽ, എന്തുകൊണ്ടാണ് കുഞ്ഞാലിക്കുട്ടി പ്രതിധാനം ചെയ്യുന്ന മുസ്ലിം ലീഗിന്റെ ഔദ്യോഗിക മുഖപത്രമായ ചന്ദ്രിക ഒക്ടോബർ 22 ന് മുനമ്പം, വഖഫ് ഭൂമിയാണ് എന്നു സ്ഥാപിക്കുന്ന ഒരു ലേഖനം പ്രസിദ്ധീകരിച്ചത്. ഒക്ടോബർ 28 നു നടന്ന പരസ്യയോഗത്തിൽ എന്തുകൊണ്ടാണ് ശ്രീ. കുഞ്ഞാലിക്കുട്ടി ‘മുനമ്പം വഖഫ് ഭൂമിയല്ല’ എന്ന കൃത്യമായ പ്രസ്താവന നടത്തുന്നതിനുപകരം ‘മുനമ്പം വിഷയം രമ്യമായി പരിഹരിക്കണം’ എന്ന് ഒഴുക്കൻമട്ടിൽ പറഞ്ഞുപോയത്.
നിയമസഭയിലെ കൂട്ടച്ചതി
ന്യൂനപക്ഷ വകുപ്പുമന്ത്രി കേരളത്തിൽ വെറും മുസ്ലീം വകുപ്പ് മന്ത്രിയായി മാറിക്കഴിഞ്ഞോ എന്നതാണ് ഇപ്പോൾ നിഷ്പക്ഷരായ ഏവരും ഉയർത്തുന്ന ചോദ്യം. കേരള സർക്കാരിന്റേതായി അദ്ദേഹം JPC ക്കു സമർപ്പിച്ച ഭേദഗതി വിരുദ്ധറിപ്പോർട്ട് കേരളത്തിലെ ജനസാമാന്യത്തിന്റെ നിലപാടുകളെ പ്രതിനിധീകരിക്കുന്നുണ്ടോ. അദ്ദേഹംതന്നെ നിയമസഭയിൽ അവതരിപ്പിച്ച ഭേദഗതി വിരുദ്ധബിൽ മലയാളികളുടെ മനസ്സിന് ഇണങ്ങിയതാണോ. വഖഫ് ആക്ട് സംബന്ധിയായി കേന്ദ്ര സർക്കാർ പാർലിമെന്റിൽ അവതരിപ്പിച്ച ഭേദഗതിബിൽ അസ്വീകാര്യമാണെങ്കിൽ ഒരു ബദൽ ഭേദഗതിബിൽ അവതരിപ്പിക്കാനായിരുന്നു നിയമസഭ തയ്യാറാകേണ്ടിയിരുന്നത്. മറിച്ച്, 140 MLA മാർ ഒറ്റക്കെട്ടായി വോട്ട് ചെയ്തു പാസാക്കിയ ആ പ്രമേയം മലയാളികളുടെ മതേതരമനസ്സിനെ ആഴത്തിൽ മുറിവേൽപിച്ചുകഴിഞ്ഞു. അതിന്റെ പ്രത്യാഘാതങ്ങൾ ഇനി ഏതെല്ലാം ആഭിമുഖ്യങ്ങളെയും സമവാക്യങ്ങളെയുമാണ് ഇളക്കിമറിക്കുന്നതെഎന്ന് ഇപ്പോൾ പ്രവചിക്കാനാവില്ല.
‘ഉടനടി സെറ്റിൽമെന്റ്’ ചതിശ്രമങ്ങൾ
ഉപതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിരിക്കുന്ന ഈ സമയത്ത് ചില പാർട്ടികൾ ആകെ ഇണ്ടാസിലായി നിൽക്കുകയാണ്. സെറ്റിൽമെന്റ് എന്നപേരിൽ മതമേലധ്യക്ഷന്മാരുടെമേൽ ഇപ്പോൾ സമ്മർദം ഉയരുകയാണ്. ഏതായാലും, ചതിയന്മാരുടെ വക്കാലത്ത് എടുക്കാൻ ആത്മാർഥതയുള്ള ഒരു മെത്രാനെയും ഒരു വൈദികനെയും ഒരു അൽമായനേതാവിനെയും ഇപ്പോൾ കിട്ടുമെന്നു ഞാൻ കരുതുന്നില്ല. അത്തരം താൽക്കാലിക അഡ്ജസ്റ്റുമെന്റുകൾക്ക് ആരെങ്കിലും തയ്യാറായാൽത്തന്നെ, അത് ചില പാർട്ടികൾക്കെതിരെ ഉയർന്നുവന്നിട്ടുള്ള ജനരോഷത്തെ തണുപ്പിക്കാൻ സഹായകമാകുമെന്നും കരുതാൻ വഴിയില്ല. ഉപ്പു തിന്നവൻ വെള്ളം കുടിക്കും.