![sister](https://i0.wp.com/www.lifeday.in/wp-content/uploads/2025/02/sister.jpeg?resize=696%2C435&ssl=1)
‘ഈശോയുടെ തിരുഹൃദയ പുത്രിമാരുടെ’ സന്യാസിനീ സമൂഹത്തിന്റെ (DSHJ) ബെനാലിയോ പ്രോവിന്സിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സി. റൂബി വാലേപറമ്പിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കൗൺസിലർമാരായി സി. സൗമ്യ മുട്ടപ്പിള്ളിൽ, സി. ടെസി കല്ലക്കാവുങ്കൽ, സി. ജൂലിയ കൊള്ളിക്കൊളവിൽ, സി. ജെസ്റ്റി പാലത്തിങ്കൽ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
1831 -ൽ ഇറ്റലിയിലെ ബെർഗമോയിൽ ആണ് ഈശോയുടെ തിരുഹൃദയ പുത്രിമാരുടെ സന്യാസ സമൂഹം രൂപം കൊള്ളുന്നത്. വി. തെരേസ വെർസേരിയാലും മോൺസിഞ്ഞോര്‍ ജോസഫ് ബെനാലിയോയാലും രൂപം കൊണ്ട ഈ ചെറിയ സമൂഹം വളരെ പെട്ടെന്നാണ് വളർന്നു പന്തലിച്ചത്. പെൺകുട്ടികൾക്ക് വളരെ തിക്താനുഭവങ്ങൾ നേരിടേണ്ടി വന്നപ്പോൾ കാലഘട്ടത്തിന്റെ ആവശ്യം കണക്കിലെടുത്ത് അവർക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനും അവരെ മൂല്യബോധമുള്ളവരായി രൂപപ്പെടുത്തുവാനും തിരുഹൃദയ പുത്രിമാർക്കു സാധിച്ചു.
ബ്രസീൽ, ആഫ്രിക്ക, മൊസാംബിക്,ജർമ്മനി, ഈസ്റ്റ് തിമോർ, ഇന്ത്യ എന്നീ രാജ്യങ്ങളിലേക്ക് തിരുഹൃദയ പുത്രിമാരുടെ മിഷൻ ചൈതന്യം വളരെ പെട്ടെന്ന് വ്യാപിച്ചു. ഉപവി പ്രവർത്തനങ്ങളിലൂടെ ഈശോയുടെ തിരുഹൃദയസ്‌നേഹം പങ്കുവച്ചുകൊടുക്കുക എന്നതായിരുന്നു ഈ സന്യാസിനിമാർ മാർഗദർശനമായി സ്വീകരിച്ചത്.
ഇന്ത്യയിൽ 1980 ജനുവരി 18 -ന് കേരളത്തിലെ കോട്ടയം ജില്ലയിലെ കുടമാളൂരിലാണ് ഇവരുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു ഈ സന്യാസിനിമാർ ഇവിടെ തങ്ങളുടെ ജീവിതശൈലി രൂപപ്പെടുത്തിയത്. ആതുരസേവനം, കുടുംബനവീകരണം, സമൂഹത്തിൽ നിന്നും പുറന്തള്ളപ്പെടുന്ന മാനസികരോഗികളുടെ സംരക്ഷണം, അനാഥരായ പെൺകുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം എന്നീ ശുശൂഷകളിലൂടെ ഇന്ന് ഇന്ത്യയിൽ 14 സമൂഹങ്ങളിലായി നൂറോളം സന്യാസിനിമാർ ശുശ്രൂഷ ചെയ്യുന്നു. ദൈവപരിപാലനയിൽ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകുന്ന ഈ സമൂഹം ഇന്ത്യയിൽ കേരളം, കർണാടക, ഛത്തിസ്ഘട്ട്, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി തങ്ങളുടെ സേവനം അനുഷ്ഠിച്ചുവരുന്നു.