സാംസ്കാരിക സ്വത്വം സംരക്ഷിക്കാൻ തദ്ദേശീയർക്ക് അവകാശമുണ്ട്: മാർപാപ്പ

സാംസ്കാരിക സ്വത്വം സംരക്ഷിക്കാനുള്ള അവകാശം തദ്ദേശീയ ജനതയ്ക്കുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. ഫെബ്രുവരി 10 ന് ആരംഭിച്ച ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര കാർഷിക വികസന ഫണ്ട് (ഐ എഫ് എ ഡി) സംഘടിപ്പിച്ച ഏഴാമത് തദ്ദേശീയ ഫോറത്തിനയച്ച സന്ദേശത്തിലാണ് മാർപാപ്പയുടെ ഈ ഓർമ്മപ്പെടുത്തലുള്ളത്. “ഭൂമി, ജലം, ഭക്ഷണം എന്നിവ വെറും ഉൽപന്നങ്ങളല്ല, മറിച്ച് ജീവിതത്തിന്റെ അടിത്തറയും പ്രകൃതിയുമായുള്ള തദ്ദേശീയരുടെ ബന്ധം കൂടിയാണ്” എന്ന് വ്യക്തമാക്കിക്കൊണ്ട് സാംസ്കാരിക സ്വത്വവും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കാനുള്ള അവരുടെ അവകാശത്തെക്കുറിച്ച് മാർപാപ്പ എടുത്തുപറഞ്ഞു.

‘തദ്ദേശീയ ജനതയുടെ സ്വയംനിർണ്ണയാവകാശം: ഭക്ഷ്യസുരക്ഷയ്ക്കും പരമാധികാരത്തിനുമുള്ള പാത’ എന്ന വിഷയമാണ് ഫെബ്രുവരി 10, 11 തീയതികളിൽ റോമിൽ നടക്കുന്ന തദ്ദേശീയ ഫോറത്തിന്റെ പ്രമേയം.

ബഹുരാഷ്ട്ര കോർപ്പറേഷനുകളും രാഷ്ട്രങ്ങളും കൃഷിഭൂമി പിടിച്ചെടുക്കുന്നത് വർധിച്ചുവരുന്നതിനാൽ തദ്ദേശീയ ജനതയുടെ ഈ അവകാശം ഗുരുതരമായി ഭീഷണിയിലാണെന്നും മാന്യമായി ജീവിക്കാനുള്ള അവരുടെ അവകാശത്തെ അപകടത്തിലാക്കുന്നുവെന്നും മാർപാപ്പ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.