ഫ്രാൻസിസ് മാർപാപ്പയുടെ മധ്യസ്ഥതയിൽ 553 തടവുകാരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ക്യൂബൻ സർക്കാർ. ക്യൂബൻ പ്രസിഡന്റ് (മിഗുവൽ) ദിയാസ്-കാനൽ ഫ്രാൻസിസ് പാപ്പയ്ക്ക് അയച്ച കത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. കത്തിൽ പ്രത്യാശയുടെ ജൂബിലിവർഷത്തോട് അനുബന്ധിച്ച് 553 പേർക്ക് സ്വാതന്ത്ര്യം നൽകാൻ തീരുമാനിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
2024 ഡിസംബർ 24 ന് വത്തിക്കാനിൽ ആരംഭിച്ച പ്രത്യാശയുടെ ജൂബിലി വർഷത്തിൽ തടവുകാരെ മോചിപ്പിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനത്തെ പരാമർശിക്കുന്നതാണ് ക്യൂബയുടെ പ്രസ്താവന. ജൂബിലി വർഷത്തിൽ തങ്ങളോടും സമൂഹത്തോടും ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിക്കുന്നതിന് പ്രത്യാശ, പൊതുമാപ്പ് അല്ലെങ്കിൽ ക്ഷമ എന്നിവ പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾ സർക്കാരുകൾ ഏറ്റെടുക്കണമെന്ന് മാർപാപ്പ നിർദേശിച്ചിരുന്നു.
വത്തിക്കാൻ ഭരണകൂടവുമായുള്ള അടുത്ത ബന്ധത്തിന്റെ ഭാഗമായി ക്യൂബൻ ഗവൺമെന്റ് ഫ്രാൻസിസ് മാർപാപ്പയുമായും അദ്ദേഹത്തിന്റെ പ്രതിനിധികളുമായും ആശയവിനിമയം നടത്തി. മുൻകാലങ്ങളിലെന്നപോലെ, അവലോകനത്തിന്റെയും മോചനത്തിന്റെയും പ്രക്രിയകളെക്കുറിച്ച് പരിശുദ്ധ പിതാവിനെ അറിയിച്ചിട്ടുണ്ടെന്നും ക്യൂബൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
2023, 2024 വർഷങ്ങളിലായി 10,000 ത്തിലധികം ആളുകളെ മോചിപ്പിച്ചിട്ടുണ്ട്. 2023 ജൂണിൽ ദിയാസ്-കാനലും ഫ്രാൻസിസ് മാർപാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയെയും 2022 ഓഗസ്റ്റിൽ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് പരില്ലയുമായി നടത്തിയ കൂടിക്കാഴ്ചയെയും തുടർന്നാണിത്.