വി. ഫ്രാൻസിസ് അസീസിയോടു സംസാരിച്ച ക്രൂശിതരൂപം

ഇറ്റലിയിലെ വി. ക്ലാരയുടെ നാമത്തിലുള്ള ബസിലിക്കയിലാണ് വി. ഫ്രാൻസിസ് അസീസിയോടു സംസാരിച്ച ക്രൂശിതരൂപം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. വി. ക്ലാരയുടെ മരണശേഷം 1257-1265 നുമിടയിലാണ് ഈ ദൈവാലയം നിർമ്മിക്കപ്പെട്ടത്. വി. ഫ്രാൻസിസിന്റെ ഭൗതികാവശിഷ്ടങ്ങൾ 1230-വരെ സൂക്ഷിച്ചിരുന്ന സെന്റ് ജോർജ് ദൈവാലയത്തിനു സമീപമാണ് ഇത് പണികഴിക്കപ്പെട്ടിരിക്കുന്നത്.

1260-ൽ നിർമ്മിക്കപ്പെട്ട ഒരു ആശ്രമത്തിലേക്ക് വി. ക്ലാര സ്ഥാപിച്ച സന്യാസിനീ സമൂഹത്തിലെ അംഗങ്ങൾ വിശുദ്ധയുടെ മരണശേഷം താമസംമാറി. ആ യാത്രയിൽ വി. ഫ്രാൻസിസിനോടു സംസാരിച്ച ക്രൂശിതരൂപവും അവർ എടുത്തിരുന്നു. ഈ ക്രൂശിതരൂപം ആദ്യം സ്ഥാപിക്കപ്പെട്ടത് സെന്റ് ജോർജ് ദൈവാലയത്തിലാണ്. ക്രൂശിതരൂപത്തിലെ ക്രിസ്തു വി. ഫ്രാൻസിസിനോട് ആവശ്യപ്പെട്ടത് സഭയെ നവീകരിക്കാനാണ്. ഇന്ന് ആ ക്രൂശിതരൂപമുള്ളത് വി. ക്ലാരയുടെ നാമത്തിലുള്ള ബസിലിക്കയിലെ സെന്റ് ജോർജ് ചാപ്പലിലാണ്.

ഈ ദൈവാലയത്തിൽ തന്നെ മറ്റ് പല തിരുശേഷിപ്പുകളും സൂക്ഷിച്ചിട്ടുണ്ട്. വി. ക്ലാരയുടെ ഭൗതികാവശിഷ്ടങ്ങൾ, വി. ഫ്രാൻസിസും വി. ക്ലാരയും ഉപയോഗിച്ചിരുന്ന കയറുകൾ, വി. ക്ലാരയുടെ തലമുടിയുടെ അംശം തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു. ഈ ദൈവാലയത്തോടു ചേർന്ന് വി. ക്ലാര സ്ഥാപിച്ച സന്യാസിനീ സമൂഹത്തിന്റെ ആശ്രമവും സ്ഥിതിചെയ്യുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.