
മ്യാൻമറിലെ മതസ്വാതന്ത്ര്യം തുടർച്ചയായ തകരുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഫെബ്രുവരി 27-ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) ഒരു ഹിയറിംഗ് വിളിച്ചുകൂട്ടി. ഹിയറിംഗിലെ തന്റെ പ്രാരംഭ പ്രസംഗത്തിൽ, USCIRF വൈസ് ചെയർ മെയർ സോളോവിച്ചിക്, “കഴിഞ്ഞ നാല് വർഷമായി മ്യാൻമർ മനുഷ്യാവകാശങ്ങളുടെയും മാനുഷികതയുടെയും അഗാധതയിലേക്ക് കൂപ്പുകുത്തി”- എന്ന് പ്രസ്താവിച്ചു.
മ്യാൻമറിൽ ഇപ്പോൾ ബുദ്ധമത ഭൂരിപക്ഷ ജനതയാണുള്ളത്. രാജ്യത്ത് സർക്കാർ വർഷങ്ങളായി ഒരു ബുദ്ധമത ദേശീയവാദ അജണ്ടയാണ് മുന്നോട്ട് കൊണ്ടുപൊയ്‌ക്കൊണ്ടിരിക്കുന്നത്. 2021 ഫെബ്രുവരി ഒന്നിന് ഗവൺമെന്റിനെ ഒരു സൈനിക സംഘം അട്ടിമറിച്ചു. അവർ രാജ്യത്ത് നിയമവിരുദ്ധമായ അധികാരം സ്ഥാപിക്കുകയും ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ തുടങ്ങുകയും ചെയ്തു. ഈ സംഘം അതിന്റെ ഭരണസമിതിയായി സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ കൗൺസിൽ (SAC) സ്ഥാപിക്കുകയും വ്യോമാക്രമണങ്ങൾ, കൊലപാതകങ്ങൾ, അറസ്റ്റുകൾ എന്നിവയുടെ രൂപത്തിൽ മതന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ തുടങ്ങുകയും ചെയ്തു.
മ്യാന്മറിൽ ഒരു ക്രൈസ്തവനായി തുടരുകയെന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതും ജീവന് ഭീഷണിയാകുന്നതുമാണ്. “2024 ജനുവരി ഏഴിന് കാനൻ ഗ്രാമത്തിലെ സെന്റ് പീറ്റർ ബാപ്റ്റിസ്റ്റ് പള്ളിയിൽ ആരാധനയ്ക്കായി ഒത്തുകൂടിയപ്പോൾ, സാഗിംഗ് മേഖലയിൽ സൈന്യം വ്യോമാക്രമണം നടത്തി. ഒൻപതു കുട്ടികൾ ഉൾപ്പെടെ 17 പേരെ കൊലപ്പെടുത്തി.” എന്ന് സോളോവിച്ച്ക് ചൂണ്ടിക്കാട്ടി. വിശ്വാസത്തിന്റെ പേരിൽ ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്യുകയോ കൊല്ലുകയോ അല്ലെങ്കിൽ പീഡിപ്പിക്കുകയോ ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന നിരവധി സംഭവങ്ങളിൽ ഒന്ന് മാത്രമാണിത്.
യു എസ് സി ഐ ആർ എഫ് പ്രകാരം, 2021 സെപ്റ്റംബറിൽ അറസ്റ്റിലായ ഒരു ബാപ്റ്റിസ്റ്റ് ക്രിസ്ത്യൻ പാസ്റ്റർ തിയാൻ ലിയാൻ സാങ് അധികാരികളുടെ കസ്റ്റഡിയിൽ തുടരുകയാണ്. 2022 ഡിസംബറിൽ അദ്ദേഹത്തിന് 23 വർഷത്തെ തടവുശിക്ഷ ലഭിച്ചു. രാജ്യത്ത് ക്രിസ്തു അനുയായികളുടെ സ്ഥിതി വളരെ മോശമാണെന്ന് മനുഷ്യാവകാശ സംഘടനയായ ചിൻ ഹ്യൂമൻ റൈറ്റ്സ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സലായ് സാ ഉക് ലിംഗ് ഹിയറിംഗിൽ സാക്ഷ്യപ്പെടുത്തി.
മ്യാൻമറിലെ ക്രിസ്ത്യാനികളുടെ അവസ്ഥ മുഖ്യധാരാ മാധ്യമങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.