ഗാസാ പ്രദേശത്തെ കുട്ടികൾ ഉൾപ്പെടെ 90% ജനങ്ങളും കുടിയിറക്കപ്പെട്ടുവെന്നും ലെബനോനിൽ കഴിഞ്ഞ ദിവസമുണ്ടായ ബോംബാക്രമണത്തിൽ മൂന്നു കുട്ടികൾ കൊല്ലപ്പെട്ടുവെന്നും ഐക്യരാഷ്ട്ര സഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. സാമൂഹ്യമാധ്യമമായ എക്സിലൂടെയാണ് സംഘടന ഈ വിവരം പുറത്തുവിട്ടത്.
ഗാസായിൽ നടന്നുവരുന്ന സായുധസംഘർഷങ്ങൾമൂലം അവിടെയുണ്ടായിരുന്ന ആളുകളിൽ 90% പേരും 2023 ഒക്ടോബർമുതൽ സ്വഭവനങ്ങളിൽനിന്നും കുടിയിറങ്ങാൻ നിർബന്ധിതരായി; ഇവരിൽ പലരും കുട്ടികളായിരുന്നു. കുടിയിറക്കപ്പെട്ട ആളുകൾക്കായി തയ്യാറാക്കിയിരിക്കുന്ന ഇടങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾപോലും ലഭ്യമല്ല എന്നും സംഘടന പുറത്തുവിട്ട വിവരങ്ങളിൽ വെളിപ്പെടുത്തുന്നു.
കൂടാതെ, തെക്കൻ ലെബനോനിൽ കഴിഞ്ഞ ദിവസം നടന്ന ബോംബാക്രമണത്തിൽ മറ്റു മൂന്നു കുട്ടികൾകൂടി കൊല്ലപ്പെട്ടതായും ഇവർ സ്വഭവനങ്ങൾക്കുമുന്നിലാണ് കൊല്ലപ്പെട്ടതെന്നും ശിശുക്ഷേമനിധി അറിയിച്ചു. മരണമടഞ്ഞ കുട്ടികളുടെ കുടുംബങ്ങളെ പ്രത്യേകം പരാമർശിച്ച യൂണിസെഫ്, നിലവിലെ ആക്രമണങ്ങൾ തുടരുന്നിടത്തോളം കാലം കുട്ടികൾ അപകടഭീതിയിലാണ് ജീവിക്കേണ്ടിവരികയെന്നും ഓർമ്മിപ്പിച്ചു.