കോൺക്ലേവ് മെയ് ഏഴിന് ആരംഭിക്കും

പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് മെയ് ഏഴിന് വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ ആരംഭിക്കും. ഇത് സംബന്ധിച്ച തീരുമാനങ്ങൾ കർദിനാൾമാരുടെ അഞ്ചാമത്തെ പൊതുവായ സമ്മേളനത്തിലാണ് കൈക്കൊണ്ടത്. സമ്മേളനത്തിലെ തീരുമാനം വത്തിക്കാൻ വാർത്ത കാര്യാലയമാണ് പ്രസിദ്ധീകരിച്ചത്.

കോൺക്ലേവിനുള്ള ഒരുക്കങ്ങൾ തുടങ്ങാനുള്ളതിനാൽ, ഏപ്രിൽ 28 തീയതി മുതൽ സിസ്റ്റൈൻ ചാപ്പൽ പൊതുജനങ്ങൾക്കായി തുറക്കുന്നതല്ല എന്നും വത്തിക്കാൻ അറിയിച്ചു. അഞ്ചാമത്തെ പൊതു സമ്മേളനത്തിൽ 180 ഓളം കർദിനാൾമാരാണ് സംബന്ധിച്ചത്. ഇതിൽ നൂറോളം പേര് വോട്ടവകാശം ഉള്ളവരുമാണ്.

എൺപത് വയസ്സിന് താഴെയുള്ള കർദ്ദിനാൾമാർക്കാണ് വോട്ടവകാശം ഉള്ളത്. കോൺക്ലേവ് തുടങ്ങുന്നതോടെ, വോട്ടവകാശം ഉള്ളവർ പൊതുസമൂഹത്തിൽ നിന്നുമുള്ള ബന്ധങ്ങളിൽ നിന്ന് വിട്ടുനിന്നുകൊണ്ട്, പ്രാർത്ഥനാപൂർവ്വമായ ഒരു ജീവിതത്തിലേക്ക് കടക്കും. പാപ്പയുടെ മരണശേഷം പതിനഞ്ച്- ഇരുപതു ദിവസങ്ങൾക്കുള്ളിലാണ് കോൺക്ലേവ് ആരംഭിക്കുന്നത്. വോട്ടവകാശമുള്ള കർദിനാൾമാർ സന്നിഹിതരാണെന്ന് ഉറപ്പാണെങ്കിൽ, കോൺക്ലേവ് ആരംഭിക്കാനുള്ള അധികാരം, നോർമാസ് നോന്നുല്ലസ് എന്ന മൊത്തു പ്രോപ്രിയോ വഴിയായി കർദിനാൾ സംഘത്തിന് നൽകുന്നു.

മെയ് ഏഴ് ബുധനാഴ്ച രാവിലെ, എല്ലാവരും “പ്രോ എലിജെൻഡോ പൊന്തിഫൈസ്” എന്ന പാരമ്പര്യമായ ദിവ്യബലി, കർദിനാൾ സംഘത്തിന്റെ തലവന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കും. തുടർന്ന് സിസ്റ്റൈൻ ചാപ്പലിലേക്ക്, സകലവിശുദ്ധരുടെയും ലുത്തീനിയയുടെ അകമ്പടിയോടെ പ്രദക്ഷിണമായി കടക്കുകയും, പ്രതിജ്ഞ എടുക്കുകയും ചെയ്യും. പിന്നീട്, പുതിയ പാപ്പായെ തിരഞ്ഞെടുക്കുവാനുള്ള പ്രാർഥനാ പൂർവ്വമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മൂന്നിൽ രണ്ടു ഭൂരിപക്ഷമാണ്, പുതിയതായി തിരഞ്ഞെടുക്കപ്പെടുവാൻ ആവശ്യമായ വോട്ടുകൾ.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.