പരാതിപ്പെടുന്ന ക്രിസ്ത്യാനികൾ സുവിശേഷത്തിന് സാക്ഷ്യംനൽകുന്നില്ല: ഫ്രാൻസിസ് മാർപാപ്പ

എപ്പോഴും നീരസവും പരാതികളും പറയുന്ന ക്രിസ്ത്യാനികൾ സുവിശേഷത്തിന്റെ വിശ്വസ്തസാക്ഷികളല്ലെന്ന് ഫ്രാൻസിസ് മാർപാപ്പ. സന്തോഷമാണ് സുവിശേഷവത്കരണത്തിന്റെ അത്യന്താപേക്ഷിത ഘടകമെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് നവംബർ 15 -ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന, പതിവുള്ള കൂടിക്കാഴ്ചയിലാണ് മാർപാപ്പ ഇത് വ്യക്തമാക്കിയത്.

“എല്ലാകാലത്തെയുംപോലെ ഇന്നത്തെ ആളുകൾക്കും ക്രിസ്തുവിനെയും അവിടുത്തെ സവിശേഷത്തെയും ആവശ്യമുണ്ട്. സുവിശേഷം യഥാർഥത്തിൽ സന്തോഷത്തിന്റെ പ്രഖ്യാപനമാണ്; അത് ഒരു പുഞ്ചിരിയാണ്. അത് നിങ്ങളെ ആനന്ദിപ്പിക്കുന്നു. കാരണം, ആ സദ്വാർത്ത നമ്മുടെ ആത്മാവിനെ സ്പർശിക്കുന്നു” – മാർപാപ്പ പങ്കുവച്ചു. അതുകൊണ്ടുതന്നെ ദുഃഖിതനും അതൃപ്തനും വിദ്വേഷവും നീരസവും പുലർത്തുന്നവനുമായ ക്രിസ്ത്യാനി യഥാർഥ ക്രിസ്ത്യാനിയല്ലെന്നും അവൻ ക്രിസ്തുവിനെക്കുറിച്ചു സംസാരിച്ചാൽ ആരും വിശ്വസിക്കുകയില്ലെന്നും മാർപാപ്പ വിശ്വാസികളെ അനുസ്മരിപ്പിച്ചു.

“സഹോദരരേ, നമുക്ക് സമാധാനത്തിനായി പ്രാർഥിക്കാം. പ്രത്യേകിച്ച് അടിച്ചമർത്തപ്പെട്ട ഉക്രൈനുവേണ്ടിയും അതുപോലെ വിശുദ്ധഭൂമിയിൽ ക്ലേശിക്കുന്നവർക്കുവേണ്ടിയും പ്രാർഥിക്കാം. സുഡാനിലുള്ളവരെയും മറക്കരുത്” എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് മാർപാപ്പ തന്റെ പൊതുകൂടിക്കാഴ്ചയുടെ അവസാനത്തിൽ എല്ലാദിവസവും സമാധാനത്തിനായി പ്രാർഥിക്കാനും വിശ്വാസികളോട് ആഹ്വാനംചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.