സാഹോദര്യാരൂപിയിൽ ഒത്തുചേരുക സുപ്രധാനം: ഫ്രാൻസിസ് പാപ്പ

ലോകം കടുത്ത പരീക്ഷണങ്ങളിലൂടെ കടന്നുപോകുകയും അനേകം നാടുകൾ അക്രമത്തിന്റെയും യുദ്ധത്തിന്റെയും വേദികളാക്കപ്പെടുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ പങ്കുവയ്ക്കലിന്റെയും സാഹോദര്യത്തിന്റെയും അരൂപിയിൽ ഒത്തുചേരുക എന്നത് അത്യധികം പ്രാധാന്യമർഹിക്കുന്നുവെന്ന് മാർപാപ്പ. എസ്തോണിയയുടെ തലസ്ഥാനമായ ടാല്ലിന്നിൽ ടെസെ എക്യുമെനിക്കൽ സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന 47-ാം യൂറോപ്യൻ യുവജന സമ്മേളനത്തിന്റെ ഉദ്‌ഘാടനത്തിൽ കർദിനാൾ പീയെത്രൊ പരോളിൻ, പാപ്പയുടെ നാമത്തിൽ പ്രസ്തുത സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് ഈ പ്രാധാന്യം എടുത്തുകാട്ടിയിരിക്കുന്നത്.

യുദ്ധത്തിന്റെയും അക്രമത്തിന്റെയും വേദികളായ നാടുകളിൽ അനേകർ മനുഷ്യത്വരഹിതമായ നടപടികൾക്ക് വിധേയരാക്കപ്പെടുന്നതും മറ്റുചിലർ നമ്മുടെ സമൂഹങ്ങളിലെ അസമത്വങ്ങൾക്കും പാരിസ്ഥിതിക അപകടങ്ങൾക്കും മുന്നിൽ വഴിതെറ്റുന്നതും പ്രസ്തുത സന്ദേശത്തിൽ പാപ്പ അനുസ്മരിച്ചു.
എല്ലാ യുവതീയുവാക്കളും പ്രത്യാശയിൽ ചരിക്കണമെന്നും പ്രത്യാശ സകല തളർച്ചകളെയും പ്രതിസന്ധികളെയും ഉത്കണ്ഠകളെയും മറികടക്കുകയും മുന്നോട്ടുപോകാനുള്ള ശക്തമായ പ്രചോദനം നൽകുകയും ചെയ്യുന്നുവെന്നും കാരണം അത് ദൈവത്തിൽ നിന്നുതന്നെ നമുക്ക് ലഭിക്കുന്ന ഒരു ദാനമാണെന്നും സന്ദേശത്തിൽ പറയുന്നു.

ഡിസംബർ 28 ശനിയാഴ്ച ആരംഭിച്ച ടാല്ലിൻ യുവജന സമ്മേളനം 2025 ജനുവരി ഒന്നിനാണ് സമാപിക്കുക.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.