ഉക്രൈനിൽ യുദ്ധം ആയിരം ദിനങ്ങൾ പിന്നിടുമ്പോൾ രാഷ്ട്രീയനേതാക്കൾക്ക് പരിവർത്തനമുണ്ടാകാനായി പ്രാർഥിച്ച് കത്തോലിക്കാ സഭ

ഉക്രൈനിൽ യുദ്ധം ആരംഭിച്ച് ആയിരം ദിനങ്ങൾ പിന്നിടുമ്പോൾ രാഷ്ട്രീയനേതാക്കൾക്ക് പരിവർത്തനമുണ്ടാകാനായി പ്രാർഥിച്ച് കത്തോലിക്കാ സഭ. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ, സംഘട്ടനത്തിന്റെ നിലവിലെ സാഹചര്യത്തെക്കുറിച്ച് പരാമർശിക്കുകയും പരിശുദ്ധ കന്യകയുടെ മധ്യസ്ഥതയിലൂടെ വിശ്വാസികൾ ദൈവത്തോടു പ്രാർഥിക്കണമെന്നു പ്രസ്താവിക്കുകയും ചെയ്തു.

ഉക്രൈനിലെ ‘മരണത്തിന്റെയും നാശത്തിന്റെയും’ ദൈനംദിന വാർത്തകളിൽ തനിക്ക് അഗാധമായ സങ്കടമുണ്ടെന്നു പറഞ്ഞ കർദിനാൾ, ‘ആക്രമിക്കപ്പെടുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത രാജ്യമാണ് ഉക്രൈൻ’ എന്നും കൂട്ടിച്ചേർത്തു.

“കഷ്ടപ്പെടുന്നവരോടും പരിചരണം ആവശ്യമുള്ളവരോടുമുള്ള ഐക്യദാർഢ്യത്തിൽ ഒരിക്കലും പരാജയപ്പെടാതിരിക്കാൻ നമുക്ക് പരിശ്രമിക്കാം. ഉക്രൈനിലെ സഭ ജനങ്ങൾക്കായി വളരെയധികം കാര്യങ്ങൾ ചെയ്യുന്നു” – വത്തിക്കാൻ ന്യൂസിനു നൽകിയ അഭിമുഖത്തിൽ കർദിനാൾ പരോളിൻ പറഞ്ഞു.

“ഒരു സമൂഹവും ഒരു ജനതയുമെന്ന നിലയിൽ, സമാധാനത്തിനായി നമുക്ക് ശബ്ദമുയർത്താൻ കഴിയും, നമ്മുടെ ആളുകളുടെ നിലവിളി കേൾക്കാൻ കഴിയും. സമാധാനത്തിനുള്ള ആവശ്യങ്ങൾ കേൾക്കണമെന്ന് ആവശ്യപ്പെടുക, അവ കണക്കിലെടുക്കുക. ഫ്രാൻസിസ് മാർപാപ്പ തുടർച്ചയായി ആയുധമത്സരങ്ങളെ അപലപിക്കാറുണ്ട്” – അദ്ദേഹം ഊന്നിപ്പറഞ്ഞു. നീതിപരമായ സമാധാനചർച്ചകൾക്ക് സമയമെടുക്കുമെന്നും എന്നാൽ, സംഘർഷം ആരംഭിച്ചതും ആക്രമണം അവസാനിപ്പിക്കേണ്ടതുമായ റഷ്യ തീരുമാനിക്കുകയാണെങ്കിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ വെടിനിർത്തൽ ഉണ്ടാകുമെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു.

യുദ്ധത്തിന്റെ അനിവാര്യതയ്ക്കു വഴങ്ങാൻ ഞങ്ങൾക്കു കഴിയില്ല. ഉക്രൈനെതിരായ സൈനിക ആക്രമണം ആരംഭിച്ചതിനുശേഷമുള്ള ആയിരാമത്തെ സങ്കടകരമായ ഈ ദിനം എല്ലാവരിലും, പ്രത്യേകിച്ച് നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊല തടയാൻ കഴിയുന്നവരിലും ഉത്തരവാദിത്തത്തിന്റെ ഒരു ത്വര ഉളവാക്കുമെന്ന് ആത്മാർഥമായി ഞാൻ പ്രതീക്ഷിക്കുന്നുവന്നു പറഞ്ഞുകൊണ്ടാണ് സ്റ്റേറ്റ് സെക്രട്ടറി തന്റെ പ്രസംഗം ഉപസംഹരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.