![church-leaders,-condemn-attack,-anglican-hospital,-gaza](https://i0.wp.com/www.lifeday.in/wp-content/uploads/2023/10/church-leaders-condemn-attack-anglican-hospital-gaza.jpg?resize=696%2C435&ssl=1)
സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളുടെ മരണത്തിനും അനേകർക്ക് പരിക്കിനും കാരണമായ കിരാതമായ ആക്രമണത്തെ വിശുദ്ധനാട്ടിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നുമുള്ള ക്രൈസ്തവസഭകളുടെ നേതൃത്വങ്ങൾ അപലപിച്ചു. ഗാസയിലെ അൽ അഹ്ലി എന്ന ആംഗ്ലിക്കൻ ആശുപത്രിക്കുനേരെയുണ്ടായ ആക്രമണത്തിനെതിരെ, റോമിൽ മെത്രാന്മാരുടെ സിനഡിൽ സംബന്ധിച്ചുകൊണ്ടിരിക്കുന്ന മധ്യപൂർവദേശങ്ങളിൽനിന്നുള്ള പാത്രിയർക്കീസുമാരും മെത്രാന്മാരും അത്മായരും ഒരുപോലെ തങ്ങളുടെ ശക്തമായ പ്രതിഷേധമറിയിച്ചു.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കായും പരിക്കേറ്റവരുടെയും അപകടത്തിൽ ഇരകളായവരുടെ കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായും തങ്ങളുടെ പ്രാർഥനകൾ അവർ ഉറപ്പുനൽകി. ഇസ്രായേൽ-പാലസ്തീൻ സംഘർഷത്തിനും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ തുടരുന്ന മറ്റു സംഘർഷങ്ങൾക്കും കാരണമായവരുടെ മനഃസാക്ഷിയെ ദൈവം സ്പർശിക്കുകയും അക്രമങ്ങൾക്ക് അറുതിവരുത്തുകയും ചെയ്യട്ടെയെന്ന് അവർ ആശംസിച്ചു.
നിരപരാധികളായ നൂറുകണക്കിനു മനുഷ്യരെ ഇരകളാക്കിയ ഈ ആക്രമണത്തിൽ, ജറുസലേമിലെ എപ്പിസ്‌കോപ്പൽ രൂപതയ്ക്ക്, ജെറുസലേമിലുള്ള വിവിധ പാത്രിയർക്കീസുമാരും മറ്റു സഭാനേതൃത്വങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമാധാനത്തിനായി ക്രൈസ്തവസമൂഹങ്ങൾ പ്രാർഥിക്കുന്നതിനിടെയാണ് ഇത്തരമൊരു ഹൃദയഭേദകമായ അതിക്രമം ഉണ്ടായതെന്ന് അവർ എഴുതി. നീതിക്കും സമാധാനത്തിനുംവേണ്ടി തങ്ങളുടെ പ്രാർഥന ഉറപ്പുനൽകിയ സഭാനേതൃത്വം, ഗാസയിലെ സാധാരണ ജനങ്ങളുടെ സഹനത്തിന് അറുതിവരട്ടെയെന്നും ആശംസിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം അൽ അഹ്ലി ആശുപത്രിക്കുനേരെയുണ്ടായ ഒരു ആക്രമണത്തിനുപിന്നാലെ ഒക്ടോബർ പതിനേഴിനു നടന്ന കൂടുതൽ ശക്തമായ ആക്രമണത്തെ കാന്റർബറി അതിരൂപതാധ്യക്ഷൻ ആർച്ചുബിഷപ്പ് ജസ്റ്റിൻ വെൽബി അപലപിക്കുകയും ഗാസയിലെയും ഇസ്രയേലിലെയും വെസ്റ്റ് ബാങ്കിലെയും ആംഗ്ലിക്കൻ സഭംഗങ്ങൾക്ക് തന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്‌തു. മനുഷ്യാന്തസ്സും വിശുദ്ധിയുമാണ് ഈ ആക്രമണത്തിലൂടെ തകർക്കപ്പെടുന്നതെന്നും ഇത് മാനവികനിയമത്തിനെതിരാണെന്നും അദ്ദേഹം എഴുതി. നിഷ്കളങ്കരായ മനുഷ്യരെ ആക്രമണങ്ങളിൽനിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.