ക്രിസ്ത്യാനികൾ സിറിയൻ ജനതയുടെ ചരിത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ്: പുതിയ ഭരണാധികാരി അൽ ജൊലാനി

സിറിയയിലെ പുതിയ ഭരണാധികാരി അൽ-ജൊലാനി ക്രിസ്ത്യൻ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തുകയും, ക്രൈസ്തവർക്ക് ശുഭമായ ഒരു ഭാവി വാഗ്ദാനം ചെയ്യുകയും ചെയ്തു. സംഘത്തിൽ വിശുദ്ധ നാടിന്റെ സൂക്ഷിപ്പുകാരനും, വികാരിയുമായ ഫാ. ഇബ്രാഹിം ഫാൽത്താസും ഉണ്ടായിരുന്നു. താൻ സിറിയൻ ക്രിസ്ത്യാനികളെ ന്യൂനപക്ഷമായി കണക്കാക്കുന്നില്ലെന്നും, മറിച്ച് സിറിയൻ ജനതയുടെ ചരിത്രത്തിന്റെ അവിഭാജ്യവും പ്രധാനപ്പെട്ടതുമായ ഭാഗമാണ് ക്രൈസ്തവരെന്നും അൽ ജൊലാനി കൂട്ടിച്ചേർത്തു.

കൂടിക്കാഴ്ചയിൽ അൽ ജൊലാനി ഫ്രാൻസിസ് പാപ്പയുടെ സമാധാനശ്രമങ്ങളെ പ്രത്യേകം അനുസ്മരിക്കുകയും, അദ്ദേഹത്തോടുള്ള ആദരവും ബഹുമാനവും പ്രകടമാക്കിയതായും ഫാ. ഫാൽത്താസ് പറഞ്ഞു. ആസൂത്രിതമായ ഘട്ടങ്ങളിലൂടെ, ജനാധിപത്യ സന്തുലിതാവസ്ഥ കൈവരിക്കുന്നതിന്, രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിരതയിലേക്ക് നയിക്കുന്ന സർക്കാർ ഘടനയിലെ മാറ്റത്തെക്കുറിച്ചും അൽ ജൊലാനി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. വർഷങ്ങളായി സിറിയൻ ജനത വിവിധ തലങ്ങളിൽ വ്യാപകമായ അഴിമതിയുടെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവന്നതും, മനുഷ്യത്വമില്ലാത്ത ജയിലുകളുടെ അവസ്ഥകളും, സിറിയക്കാർ തമ്മിലുള്ള വിഭജനം സംഘർഷത്തിനും ഭിന്നതയ്ക്കും കാരണമായതും, അന്യായമായ അറസ്റ്റുകളും തന്നെ ഏറെ വിഷമിപ്പിച്ചുവെന്നും, എന്നാൽ സിറിയയ്ക്ക് രാഷ്ട്രീയവും സാമൂഹികവുമായ സ്ഥിരത നൽകാൻ തങ്ങൾ പ്രതിബദ്ധരാണെന്നും അൽ ജൊലാനി വെളിപ്പെടുത്തി.

സിറിയയിൽ നിന്ന് പുറത്തുപോകേണ്ടി വന്നവരെ, പ്രത്യേകിച്ചും ക്രിസ്ത്യാനികളെ അവരുടെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ തങ്ങളാൽ കഴിയുന്ന പരിശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സിറിയയിലെ അദ്ദേഹത്തിന്റെ സമാധാന ഉദ്ദേശ്യങ്ങൾ എത്രയും വേഗം സാക്ഷാത്കരിക്കേണ്ടതിന്റെ ആവശ്യകത ഫാ. ഫാൽത്താസ് എടുത്തു പറഞ്ഞു. സമാധാനശ്രമങ്ങൾക്ക്, സഭയുടെ ഭാഗത്തുനിന്നുള്ള സഹകരണങ്ങളും ഫാ. ഫാൽത്താസ് ഉറപ്പുനൽകി.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.