ക്രിസ്തുമസ് സീസണിൽ മാത്രം ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെ നടന്നത് 14 ആക്രമണങ്ങൾ; സമാധാനത്തിനായി പ്രധാനമന്ത്രിയോട് അഭ്യർഥിച്ച് ക്രൈസ്തവ നേതാക്കൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ തടയണമെന്ന് അഭ്യർഥിച്ച് ക്രൈസ്തവ നേതാക്കൾ. ക്രിസ്തുമസ് സീസണിൽ മാത്രം ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെ 14 ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനെതിരെ ഉടനടി നിർണായകമായ നടപടികൾ സ്വീകരിക്കണമെന്ന് വിവിധ ക്രൈസ്തവ നേതാക്കൾ പ്രധാനമന്ത്രിയോടും പ്രസിഡന്റിനോടും ആവശ്യപ്പെട്ടു.

“ക്രിസ്തുമസ് ദിനത്തിൽ പല സംസ്ഥാനങ്ങളിലെയും ഗ്രാമങ്ങളിലും പട്ടണങ്ങളിലും ക്രൈസ്തവർ ആക്രമിക്കപ്പെടുമ്പോൾ ഞങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് ഞങ്ങൾ നിങ്ങളോട് നിലവിളിക്കുന്നു,” ഡിസംബറിൽ പ്രസിഡന്റ് ദ്രൗപതി മുർമുവിന് അയച്ച സംയുക്ത അഭ്യർഥനയിൽ വിവിധ വിഭാഗങ്ങളിലെ ക്രിസ്ത്യൻ നേതാക്കൾ പറഞ്ഞു.

“ഈ ക്രിസ്തുമസ് സീസണിൽ മാത്രം, ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് കുറഞ്ഞത് 14 സംഭവങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭീഷണികളും തടസ്സങ്ങളും മുതൽ അറസ്റ്റുകളും നേരിട്ടുള്ള ആക്രമണങ്ങളും വരെ അതിൽ ഉൾപ്പെടുന്നു. വർധിച്ചുവരുന്ന അസഹിഷ്ണുതയുടെയും ശത്രുതയുടെയും ഭയാനകമായ പ്രവണതയാണ് ഇവയൊക്കെ വെളിപ്പെടുത്തുന്നത്,” നിരവധി കത്തോലിക്കാ പുരോഹിതർ ഒപ്പിട്ട അപ്പീലിൽ പറയുന്നു.

ലഖ്‌നൗവിലെ കത്തീഡ്രലിന് മുന്നിൽ ക്രിസ്തുമസ് ശുശ്രൂഷകൾ ആരംഭിക്കുന്നതിനുമുമ്പായി തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ ബഹളമുണ്ടാക്കി. ഗുജറാത്തിലെ ഒരു പ്രിപ്പറേറ്ററി സ്‌കൂളിലെ ക്രിസ്തുമസ് അലങ്കാരങ്ങൾ നീക്കം ചെയ്യാൻ ജീവനക്കാരെ നിർബന്ധിക്കുന്ന സംഭവവും ഉണ്ടായി. മധ്യപ്രദേശിൽ കരോൾ ഗായകരെ തടയുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ബാംഗ്ലൂർ നഗരത്തിൽ സാന്താക്ലോസിന്റെ വസ്ത്രം അഴിച്ചുമാറ്റി തുടങ്ങിയ നിരവധി സംഭവങ്ങളാണ് രാജ്യത്തുടനീളമായി ഉണ്ടായത്.

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.