
ക്രിസ്തീയ സന്തോഷം പ്രശ്നങ്ങൾക്കുള്ള സുഖകരമായ പരിഹാരങ്ങളിൽ നിന്നല്ല വരുന്നത് എന്നും അത് കുരിശിനെ ഒഴിവാക്കുകയുമില്ലെന്നും ഫ്രാൻസിസ് മാർപാപ്പ. റോമിലെ പോളിക്ലിനിക്കോ ജെമെല്ലി ആശുപത്രിയിൽ 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞപ്പോഴും ഇപ്പോൾ തന്റെ വസതിയായ സാന്താ മാർത്തയിൽ വിശ്രമത്തിൽ ആയിരിക്കുമ്പോഴും താൻ അത് അനുഭവിക്കുന്നതായി പാപ്പ പറഞ്ഞു.
“ക്രിസ്തീയ സന്തോഷം ദൈവത്തിന്റെ ഒരു സമ്മാനമാണ്. അത് എളുപ്പത്തിലുള്ള സന്തോഷമല്ല. പ്രശ്നങ്ങൾക്കുള്ള സുഖകരമായ പരിഹാരങ്ങളിൽ നിന്നല്ല ആ സന്തോഷം വരുന്നത്, അത് കുരിശിനെ ഒഴിവാക്കുന്നില്ല. മറിച്ച് കർത്താവ് ഒരിക്കലും നമ്മെ ഒറ്റയ്ക്ക് ഉപേക്ഷിക്കുന്നില്ല എന്ന ഉറപ്പിൽ നിന്നാണ് ഉടലെടുക്കുന്നത്. ഞാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സമയത്തും ഇപ്പോൾ ഈ സുഖം പ്രാപിച്ചുകൊണ്ടിരിക്കുന്ന സമയത്തും ഞാൻ ഇത് അനുഭവിച്ചു” – മാർച്ച് 31 മുതൽ ഏപ്രിൽ മൂന്നുവരെ വത്തിക്കാനിൽ ഒത്തുകൂടിയ ഇറ്റലിയിലെ സഭകളുടെ രണ്ടാം സിനഡൽ അസംബ്ലിയിൽ പങ്കെടുത്തവർക്കുള്ള സന്ദേശത്തിൽ പാപ്പ ഉറപ്പുനൽകി.