വ്യാജ മതനിന്ദാ ആരോപണം: അൾജീരിയയിൽ തടവിലായിരുന്ന ക്രൈസ്തവൻ മൂന്നു വർഷങ്ങൾക്കുശേഷം മോചിതനായി

അൾജീരിയയിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച സുലൈമാൻ ബൗഹാഫ്സ് മൂന്നു വർഷത്തിനുശേഷം ജയിൽമോചിതനായി. ഇസ്‌ലാമിനെതിരെ മതനിന്ദയും തീവ്രവാദവുമായി ബന്ധമുണ്ടെന്നും ആരോപിച്ചായിരുന്നു അദ്ദേഹത്തെ മൂന്നുവർഷത്തെ തടവിന് ശിക്ഷിച്ചത്. എന്നാൽ ഭീകരവാദ ആരോപണങ്ങൾ ബൗഹാഫ്സ് നിഷേധിച്ചു.

യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) പ്രകാരം, പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ചതും തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ഉൾപ്പെടെ നിരവധി ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് 2021 സെപ്റ്റംബർ ഒന്നിന് ബൗഹാഫ്സിനെ ജയിലിലടച്ചത്. ഒരു തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2022 ഡിസംബറിൽ ബൗഹാഫ്സിനെ മൂന്നുവർഷത്തെ തടവിന് ഔദ്യോഗികമായി ശിക്ഷിക്കുകയായിരുന്നു.

2021 ലെ ജയിൽവാസത്തിനുമുമ്പ് അൾജീരിയയിലെ സെന്റ് അഗസ്റ്റിൻ കോർഡിനേഷൻ ഓഫ് ക്രിസ്ത്യാനികളുടെ മതസ്വാതന്ത്ര്യ നിരീക്ഷണ ഗ്രൂപ്പിന്റെ ചെയർമാനായ ബൗഹാഫ്സ് നിരവധി പീഡനങ്ങളിലൂടെ കടന്നുപോയി. മുൻപ് 2016 സെപ്റ്റംബർ മുതൽ 2018 ൽ പ്രസിഡൻഷ്യൽ മാപ്പിലൂടെ മോചിതനാകുന്നതുവരെ ബൗഹാഫ്സ് അൾജീരിയയിൽ തടവിലായിരുന്നു. പിന്നീട് അദ്ദേഹം ടുണീഷ്യയിലേക്ക് പലായനം ചെയ്യുകയും രാജ്യത്തിനുള്ളിൽ അഭയാർഥിപദവി നേടുകയും ചെയ്തു. മറ്റൊരു രാജ്യത്ത് പുനരധിവാസം നടത്തിയിട്ടും 2021 ഓഗസ്റ്റ് 25 ന് ബൗഹാഫ്സിനെ വീട്ടിൽനിന്ന് ബലമായി അൾജീരിയയിലേക്ക് തിരികെ കൊണ്ടുവന്ന് തടവിലാക്കുകയായിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.