പാക്കിസ്ഥാനിൽ വീണ്ടും പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. 16 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാനും ഒരു മുസ്ലീമിനെ വിവാഹം കഴിക്കാനും നിർബന്ധിച്ചു. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയിൽ ജരൻവാലയിലെ ചാക് നമ്പർ 126-ജിബി ഷെറോന ഗ്രാമത്തിലാണ് സംഭവം.
ദിയ ഇഫ്തിഖർ എന്ന പെൺകുട്ടിയെ ഗസൽ ജട്ട്, അഫ്‌സൽ ജട്ട്, റംസാൻ ജട്ട് എന്നിവർ ചേർന്ന് ഒരു വിവാഹത്തിൽ പങ്കെടുക്കുമ്പോൾ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. തോക്കുധാരികളായ പ്രതികൾ ദിയയെ വെള്ള സുസുക്കി വാനിൽ കയറ്റി കൊണ്ടുപോയെന്ന് അയൽക്കാർ വെളിപ്പെടുത്തി. 2023 ആഗസ്ത് 16ന് ജറൻവാലയിലെ പള്ളികൾക്കും വീടുകൾക്കും നേരെ നടന്ന ആക്രമണത്തിലും ഗസലും കൂട്ടാളികളും ഉൾപ്പെട്ടിട്ടുണ്ട്. ക്രിസ്ത്യൻ പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നത് ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ ഇവർ പതിവാക്കിയിരിക്കുകയാണ്.
തട്ടിക്കൊണ്ടു പോയതിന്റെ നാലു ദിവസത്തിനു ശേഷം പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് വാട്ട്‌സ്ആപ്പ് വഴി ഒരു വീഡിയോ ലഭിച്ചു, അതിൽ മകൾ ഇസ്ലാം മതം സ്വീകരിച്ചുവെന്നും സ്വന്തം ഇഷ്ടപ്രകാരം ഗസൽ ജട്ടിനെ വിവാഹം കഴിച്ചുവെന്നും പറയുന്നു. “ഗസലിനെ ഇഷ്ടമില്ലാത്തതിനാൽ ദിയയെ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ചതാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു,” ഷാഹിദ ഇഫ്തിഖർ പറഞ്ഞു. ട്യൂഷൻ സെന്ററിൽ പോകുമ്പോൾ ഗസലും കൂട്ടുകാരും തന്നെ ഉപദ്രവിക്കാറുണ്ടെന്ന് ദിയ മുൻപും മാതാപിതാക്കളോട് പരാതിപ്പെട്ടിരുന്നു.
ദമ്പതികൾ ഉടൻ തന്നെ പോലീസിൽ പരാതി നൽകിയെങ്കിലും എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതിന് ഉദ്യോഗസ്ഥർ ഒരു ദിവസം താമസിച്ചു. “അതിനിടെ, ഞങ്ങളുടെ മകളെ വീണ്ടെടുക്കുന്നതിനായി ഞങ്ങൾ പ്രാദേശിക സ്വാധീനമുള്ള മുസ്ലീങ്ങളോടും പ്രതിയുമായി ബന്ധമുള്ള ഇഷ്ടിക ചൂള ഉടമ അഷ്‌റഫ് ജട്ട് ഉൾപ്പെടെയുള്ളവരോടും അപേക്ഷിച്ചെങ്കിലും വിജയിച്ചില്ല. മാതാപിതാക്കൾ ആവർത്തിച്ച് പോലീസ് സ്‌റ്റേഷനിലെത്തിയ ശേഷം ഉദ്യോഗസ്ഥർ ഗസൽ ജുട്ടിന്റെ പിതാവിനെ കുറച്ചുനേരം തടഞ്ഞുവച്ചു.” മാതാപിതാക്കൾ കൂട്ടിച്ചേർത്തു.
കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ അബ്ബാസ് ഗിൽ സഹകരിക്കുന്നിള്ള, കേസ് അവസാനിപ്പിക്കാൻ പ്രതികൾ സമ്മർദം ചെലുത്തുന്നുണ്ടെന്നും, എന്നാൽ ദിയയെ ഞങ്ങൾക്കു തിരികെ കിട്ടുന്നതുവരെ ഞങ്ങൾ കേസ് അവസാനിപ്പിക്കില്ലെന്നും, പിതാവ് വേദനയോടെ വെളിപ്പെടുത്തി.