തമിഴ്‌നാട്ടിൽ ക്രൈസ്തവകുടുംബത്തെ ഹിന്ദുദേശീയവാദികൾ ആക്രമിച്ചു

തെക്കൻ തമിഴ്‌നാട്ടിലെ ഒരു നഗരമായ ചെന്നിമലയിൽ വലതുപക്ഷ തീവ്രവാദികളെന്ന് ആരോപിക്കപ്പെടുന്ന ഡസൻകണക്കിന് ആളുകൾ, വീട്ടിൽ പ്രാർഥിച്ചുകൊണ്ടിരുന്ന ഒരു ക്രിസ്ത്യൻ കുടുംബത്തെ ആക്രമിച്ചു. കാതക്കുടി കടുവി എന്ന സ്ഥലത്തു താമസിക്കുന്ന സാമുവലും (34) ഭാര്യ ജെന്നിഫറും മൂന്നുവയസ്സുള്ള മകനുമടങ്ങുന്ന കുടുംബത്തിനുനേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം സാമുവലിന്റെ മാതാപിതാക്കളായ അർജുനൻ, രത്തിനം, ഇളയ സഹോദരി ബ്യൂല എന്നിവർ പ്രാർഥനയ്ക്കായി ഈ കുടുംബത്തോടൊപ്പം ചേർന്നപ്പോൾ ഒരുസംഘം ആളുകൾ ഇവരുടെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. വീട്ടുകാർ സംഭവം വീഡിയോയിൽ പകർത്താൻ ശ്രമിച്ചപ്പോൾ അക്രമികൾ അവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും തകർക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. മുപ്പതോളം വരുന്ന സംഘമാണ് സാമുവലിന്റെ കുടുംബത്തിനുനേരെ ആക്രമണം അഴിച്ചുവിട്ടത്. സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപെട്ടിരുന്നു. തുടർന്ന് പരിക്കേറ്റ കുടുംബാംഗങ്ങളെ പൊലീസ് ആശുപത്രിയിലെത്തിച്ചു.

പ്രാർഥന ഉച്ചത്തിലാണെന്നതു സംബന്ധിച്ച് നേരത്തെ സമീപവാസികൾ സാമുവലിനോട് പരാതിപറഞ്ഞിരുന്നു. സാമുവലിന്റെ കുടുംബം മതപ്രചാരണത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഗ്രാമത്തിലെ ചിലർ വിശ്വസിക്കുന്നതാണ് ആക്രമണത്തിനു കാരണമെന്ന് പ്രാദേശികവൃത്തങ്ങൾ വിശദീകരിച്ചു. ഈ കുടുംബം അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല എന്ന് ഇവർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.