ബൊക്കോ ഹറാമിന്റെ ഭീഷണിയിൽ കഴിയുന്ന കാമറൂണിലെ ക്രിസ്ത്യാനികൾ സ്കൂളുകളിലൂടെയും ക്ലിനിക്കുകളിലൂടെയും സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ തിരുത്തിയെഴുതുകയാണ്. ബോക്കോ ഹറാമിൽ നിന്നുള്ള ആക്രമണങ്ങൾക്കെതിരെയും മുസ്ലീം സംസ്കാരവുമായി പൊരുത്തപ്പെടുന്നതിനെതിരെയും കാമറൂൺ ക്രിസ്ത്യൻ സമൂഹം നിരന്തരം പേരാടുകയാണെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിലയേറിയ ആരോഗ്യ പരിരക്ഷാ സംവിധാനം എന്നിവയിലൂടെ സമൂഹത്തിന് പ്രിയപ്പെട്ടവരായി മാറാൻ അവർ ശ്രമിക്കുന്നു.
“ബൊക്കോ ഹറാമിന്റെ അക്രമഭീഷണി നേരിടാറുള്ളപ്പോൾ വീടുകൾ ഉപേക്ഷിച്ച് മരത്തണലിൽ അഭയം തേടേണ്ടി വരാറുണ്ട്. എന്നാൽ, ആക്രമണസംഘം മുമ്പത്തെ പോലെ സജ്ജരല്ല. ഇപ്പോൾ ദുർബലരായ ബൊക്കോ ഹറാമിനെതിരെ പോരാടുന്നതിനു പകരം അവരെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം ആളുകൾക്ക് അജപാലനപരമായ രൂപീകരണം നൽകുക എന്നതാണ്. ഇത് മനസ്സിൽ വച്ചുകൊണ്ട്, മൊകോലോയിൽ മാനുഷികവും ആത്മീയവുമായ രൂപീകരണത്തിനായി ഒരു അജപാലനകേന്ദ്രം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു” മറൗവ-മോകോളോ രൂപതയിലെ മോൺസിഞ്ഞോർ ബ്രൂണോ അറ്റെബ പങ്കുവച്ചു.
സമൂഹത്തിന് മൂല്യവത്തായ സേവനം നൽകുന്നതിന് എത്തിച്ചേരുന്നതിനുള്ള രൂപതയുടെ മാർഗങ്ങളിലൊന്നാണ് വിദ്യാഭ്യാസം. ഇവിടെ ക്രിസ്ത്യാനികൾ ന്യൂനപക്ഷമാണ്. അച്ചടക്കത്തിനും നല്ല വിദ്യാഭ്യാസത്തിനും വേണ്ടി മുസ്ലീം രക്ഷിതാക്കൾ ക്രിസ്ത്യൻ സ്കൂളുകളെ വിലമതിക്കുന്നു. മിഷനറി സിസ്റ്റേഴ്സ് ഓഫ് ജീസസ് ക്രൈസ്റ്റ് നടത്തുന്ന ബോഗോ ഹെൽത്ത് സെന്ററും സമൂഹത്തിൽ സ്വീകാര്യത നേടുന്ന മറ്റൊരു സ്ഥാപനമാണ്. ഇവിടത്തെ ഉയർന്ന നിലവാരമുള്ള ചികിത്സയും പരിചരങ്ങളും മുസ്ലീം സ്ത്രീകളെ ഇവിടേക്കെത്തിക്കുന്നു.
“മുസ്‌ലിംകൾ ഞങ്ങളെ ബഹുമാനിക്കുന്നത് ഞങ്ങളുടെ പ്രവൃത്തികൾ കൊണ്ടാണ്. തെരുവിലെ പാവങ്ങളെയും കുട്ടികളെയും പരിപാലിക്കുമ്പോൾ, ആ വ്യക്തി മുസ്ലീമാണോ ക്രിസ്ത്യാനിയാണോ എന്ന് ചോദിക്കില്ല. നാമെല്ലാവരും ഒരേ പിതാവിന്റെ മക്കളാണ്” മോൺസിഞ്ഞോർ പറയുന്നു.