ക്രൈസ്റ്റ് കത്തീഡ്രൽ നവീകരണം 12 വർഷങ്ങൾക്കുശേഷം പൂർത്തിയായി

മുൻ പ്രൊട്ടസ്റ്റന്റ് മെഗാ ചർച്ച് ആയിരുന്ന ക്രൈസ്റ്റ് കത്തീഡ്രലിന്റെ വിപുലമായ നവീകരണം പൂർത്തിയായതായി കാലിഫോർണിയയിലെ ഓറഞ്ച് രൂപത അറിയിച്ചു. 2011-ൽ ആരംഭിച്ച നവീകരണത്തെ തുടർന്ന് കണ്ണാടി മുഖമുള്ള കെട്ടിടം കത്തോലിക്കാസഭയുടെ ആരാധന കേന്ദ്രമായി മാറി.

മുമ്പ് ക്രിസ്റ്റൽ കത്തീഡ്രൽ എന്നറിയപ്പെട്ടിരുന്ന ഈ ദൈവാലയം 2011-ൽ രൂപത വിലകൊടുത്തു വാങ്ങുകയായിരുന്നു. കത്തോലിക്കാ ആരാധനാക്രമ പാരമ്പര്യങ്ങൾക്കനുസൃതമായിട്ടാണ് കെട്ടിടത്തിന്റെ പുനർരൂപകൽപ്പന നടത്തിയത്. ഇന്ന്, ക്രൈസ്റ്റ് കത്തീഡ്രൽ എല്ലാ വാരാന്ത്യങ്ങളിലും ഒന്നിലധികം ഭാഷകളിലായി ഒരുഡസനോളം വിശുദ്ധ കുർബാനകൾ നടത്തുകയും 12,000-ലധികം കത്തോലിക്കർക്ക് ആത്മീയസഹായം നൽകുകയും ചെയ്തുവരുന്നു.

സെന്റ് കാലിസ്റ്റസ് ചാപ്പലിന്റെയും ക്രിപ്റ്റ്സിന്റെയും പൂർത്തീകരണം നവീകരണ പദ്ധതിയുടെ അവസാന ഘട്ടത്തെ അടയാളപ്പെടുത്തി. ചാപ്പലിൽ ഒരു കൂടാരവും സെന്റ് കാലിസ്റ്റസ് ഒന്നാമന്റെ തിരുശേഷിപ്പും ഉണ്ട്.

ഓറഞ്ചിലെ ബിഷപ്പ് കെവിൻ വാൻ പദ്ധതിയുടെ പൂർത്തീകരണത്തിന് നന്ദി രേഖപ്പെടുത്തി, “ഈ നിമിഷത്തിലെത്താൻ ഒരു നീണ്ട പാതയായിരുന്നു, എന്നാൽ കർത്താവ് നമ്മെ ആവശ്യമുള്ളിടത്ത് എത്തിക്കുന്നു.” ഒരു രൂപത പാസ്റ്ററൽ സെന്റർ, കൾച്ചറൽ സെന്റർ, ഗിഫ്റ്റ് ഷോപ്പ്, ടെലിവിഷൻ സ്റ്റുഡിയോ എന്നിവയുൾപ്പെടെ ഒന്നിലധികം കെട്ടിടങ്ങൾ നവീകരിച്ചതിൽ ഉൾപ്പെടുന്നു.

ക്രൈസ്റ്റ് കത്തീഡ്രലിന്റെ വിശാലമായ കാമ്പസ് ഓറഞ്ച് കൗണ്ടിയിലെ കത്തോലിക്കാ വിശ്വാസത്തിന്റെ ഒരു കേന്ദ്രമായി പ്രവർത്തിക്കുന്നു. ഓറഞ്ച് രൂപതയിൽ 1.3 ദശലക്ഷം കത്തോലിക്കരും 58 ഇടവകകളും അഞ്ച് കത്തോലിക്കാ കേന്ദ്രങ്ങളും 36 സ്കൂളുകളും ഉൾപ്പെടുന്നു. കത്തീഡ്രലിലെ വൈവിധ്യമാർന്ന വിശ്വാസിസമൂഹം എല്ലാ വാരാന്ത്യത്തിലും നാല് ഭാഷകളിലായി 11 കുർബാനകൾക്കായി ഒത്തുചേരുന്നു.

വിവർത്തനം: സുനീഷാ വി. എഫ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.