ചൂരൽമല, വിലങ്ങാട് പ്രദേശങ്ങളിലെ ഉരുൾപൊട്ടലിൽ ജീവനും സ്വത്തും നഷ്ടപ്പെട്ടർക്കായി കേരള കത്തോലിക്കാ മെത്രാൻസമിതി നൂറ് ഭവനങ്ങൾ നിർമിച്ചുനൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. സർക്കാർ നൽകുന്ന സ്ഥലത്ത് ഭവനങ്ങളുടെ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ സർക്കാർ നേരിട്ട് ടൗൺഷിപ്പ് പദ്ധതിയുമായി മുൻപോട്ടുപോകുന്ന സ്ഥിതിക്ക് അവിടെ താമസിക്കാൻ താൽപര്യപ്പെടാത്ത അതിജീവിതരിൽ നൂറ് കുടുംബങ്ങൾക്കായിരിക്കും കെ. സി. ബി. സി. നേരിട്ട് വീടുകൾ നിർമിച്ചുനൽകുക.
ഇപ്പോൾ നൂറ് വീടുകൾക്കുള്ള സ്ഥലം കണ്ടെത്തേണ്ട അധികബാധ്യത കൂടെ ദുരന്തബാധിതപ്രദേശത്തുള്ള മാനന്തവാടി, ബത്തേരി, കോഴിക്കോട്, താമരശേരി എന്നീ കത്തോലിക്കാ രൂപതകൾ ഏറ്റെടുക്കേണ്ട സ്ഥിതിയുണ്ട്. ഇതിനോടകംതന്നെ വയനാട് ജില്ലയിലെ പ്രളയബാധിതരായ 900 കുടുംബങ്ങൾക്ക് ഉപജീവനപദ്ധതികൾ പൂർത്തിയാക്കുകയും 925 കുടുംബങ്ങൾക്ക് 9,500 രൂപാ വീതം ബാങ്ക് അക്കൗണ്ടിലൂടെ നൽകുകയും ചെയ്തിട്ടുണ്ട്.
മുണ്ടക്കൈ, ചൂരൽമല, വിലങ്ങാട് പ്രദേശങ്ങളിൽ പ്രകൃതിദുരന്തത്തിനിരയായ എല്ലാവരെയും ഉൾപ്പെടുത്തി ഗുണഭോക്തൃ ലിസ്റ്റ് ഉടനടി പ്രസിദ്ധീകരിക്കണമെന്നും ടൗൺഷിപ്പിനു പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്കും തുല്യപരിഗണന നൽകണമെന്നും കെ. സി. ബി. സി. യുടെ ജെ. പി. ഡി. കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ സർക്കാരിനോട് ആവശ്യപ്പെട്ടു.