
ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട കത്തോലിക്കാ തീർഥാടന കേന്ദ്രങ്ങളിലൊന്നായ ഷെഷാൻ മാതാവിന്റെ ബസിലിക്കയിൽ, ഹോങ്കോങ്ങിലെ ജെസ്യൂട്ട് ബിഷപ്പായ കർദിനാൾ സ്റ്റീഫൻ ചൗവും ഷാങ്ഹായിലെ ബിഷപ്പ് ജോസഫ് ഷെൻ ബിന്നും ഫ്രാൻസിസ് മാർപാപ്പയ്ക്കുവേണ്ടി കണ്ണുനീരോടെ പ്രത്യേക പ്രാർഥന നടത്തി. ഫെബ്രുവരി 25 ന് നടന്ന ദിവ്യബലിയും തുടർന്ന് ഷെഷാൻ മാതാവിനോടുള്ള പ്രത്യേക പ്രാർഥനയുമാണ് മാർപാപ്പയ്ക്കുവേണ്ടി അർപ്പിച്ചത്.
“ചൈനയിലെ സഭയ്ക്ക് ഈ സ്ഥലം വളരെയധികം പ്രാധാന്യമുള്ളതാണ്. ഇവിടെ പരിശുദ്ധ പിതാവിനുവേണ്ടി ബിഷപ്പ് ഷെനിനൊപ്പം പ്രാർഥിക്കുന്നത് അർഥവത്തായിരുന്നു”- ഹോങ്കോങ്ങിൽ നിന്നുള്ള ഒരു പ്രതിനിധി സംഘത്തോടൊപ്പം ഷാങ്ഹായിലെ ബിഷപ്പ് ജോസഫ് ഷെൻ ബിന്നുമായുള്ള സന്ദർശനത്തെയും മാർപാപ്പയ്ക്കുവേണ്ടിയുള്ള പ്രാർഥനയെയും അനുസ്മരിച്ച് ജെസ്യൂട്ട് ബിഷപ്പായ കർദിനാൾ സ്റ്റീഫൻ ചൗവ് പങ്കുവച്ചു.
ചൈനീസ് കത്തോലിക്കർക്ക് വളരെ പ്രധാനപ്പെട്ട ഒരു പള്ളിയാണ് ഷെഷാൻ മാതാവിന്റെ ബസിലിക്ക. ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ തിരുനാൾ ദിനമായ മെയ് 24 ന് ചൈനയിലെ സഭയ്ക്കുവേണ്ടിയുള്ള ആഗോള പ്രാർഥനാ ദിനമായി ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പ്രഖ്യാപിച്ചിരുന്നു. പരമ്പരാഗതമായി ആയിരക്കണക്കിന് ചൈനീസ് കത്തോലിക്കർ, തിരുനാൾ ദിനത്തിൽ ഷെഷാൻ കുന്നിൽ നിന്ന് മരിയൻ ദൈവാലയത്തിലേക്ക് വാർഷിക തീർഥാടനം നടത്തുന്നു.