ലോകസമാധാനത്തിനായി പത്തുലക്ഷം ജപമാല ചൊല്ലി കുട്ടികൾ

ജപമാലമാസമായ ഒക്ടോബറിൽ ലോകമെമ്പാടും സമാധാനവും ഐക്യവും വളർത്താനായി പ്രാർഥിക്കുക എന്ന ലക്ഷ്യത്തോടെ ജപമാല പ്രാർഥനയ്ക്കായി ക്ഷണിച്ച് ‘എയ്ഡ് ടു ചർച്ച് ഇൻ നീഡ്’ എന്ന പൊന്തിഫിക്കൽ സംഘടന. ‘പത്തുലക്ഷം കുട്ടികൾ ജപമാലയർപ്പിച്ചു പ്രാർഥിച്ചാൽ ലോകത്തിന് മാറ്റമുണ്ടാകും’ എന്ന വി. പാദ്രെ പിയോയുടെ വാക്കുകളിൽ പ്രേരിതരായാണ് ഈ സംരംഭവുമായി സംഘടന മുന്നോട്ടുവരുന്നത്.

വിശുദ്ധനാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഒക്ടോബർ 18, ബുധനാഴ്‌ചയാണ് ലോകസമാധാനത്തിനായി ജപമാല ചൊല്ലിയിരിക്കുന്നത്. സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ മാത്രം (https://acninternational.org/millionchildrenpraying/) ഒക്ടോബർ പതിനാറാം തീയതി ലഭ്യമായ കണക്കുകൾപ്രകാരം അഞ്ചുലക്ഷത്തിലധികം കുട്ടികൾ ഈ യജ്ഞത്തിൽ പങ്കെടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ഫിലിപ്പീൻസിൽ നിന്ന് തൊണ്ണൂറായിരത്തിലധികം കുട്ടികൾ, സ്ലോവാക്കിയയിൽ നിന്ന് എൺപത്തിയാറായിരത്തിലധികം കുട്ടികൾ, ഓസ്‌ട്രേലിയയിൽ നിന്ന് പന്തീരായിരത്തിലധികം കുട്ടികൾ, ഇംഗ്ലണ്ടിൽ നിന്ന് നാല്പത്തിയാറായിരത്തിലധികം കുട്ടികൾ, ഇന്ത്യയിൽ നിന്ന് പതിനാലായിരത്തിലധികം കുട്ടികൾ എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന് കുട്ടികളാണ് ലോകസമാധാനത്തിനായി പ്രാർഥിക്കാൻ മുന്നോട്ടുവന്നിട്ടുള്ളത്.

പോർച്ചുഗലിൽ നിന്നുള്ള കുട്ടികൾ ഫാത്തിമയിൽ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണ ചാപ്പലിൽനിന്ന് ജപമാലയർപ്പിക്കും. പോളണ്ടിൽനിന്ന് ഏതാണ്ട് ഏഴായിരത്തോളം കുട്ടികളാണ് സാക്കോപ്പാനിലുള്ള ഫാത്തിമ ദേശീയ തീർഥാടനകേന്ദ്രത്തിൽനിന്ന് പ്രാർഥനയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
പതിനൊന്ന് ദിവസങ്ങൾക്കപ്പുറം തുടരുന്ന പാലസ്തീൻ-ഇസ്രായേൽ യുദ്ധത്തിൽ നിരവധി സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് മരണമടഞ്ഞത്. വിശുദ്ധനാട്ടിൽ സമാധാനം സ്ഥാപിക്കപ്പെടാനായി ലോകമെമ്പാടുനിന്നുമുള്ള കുട്ടികളാണ് ഈ പ്രാർഥനായജ്ഞത്തിൽ പങ്കെടുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.