
ഗാസയിൽ നിന്നുള്ള നിരവധി രോഗികളായ കുട്ടികളെ വൈദ്യചികിത്സയ്ക്കായി സ്വാഗതം ചെയ്തതിന് ഇറ്റലിയോട് നന്ദി പറഞ്ഞ് വിശുദ്ധനാടുകളുടെ ഉത്തരവാദിത്വമുള്ള ഫാ. ഇബ്രാഹിം ഫാൽത്താസ്. ഫെബ്രുവരി 13ന് ഇറ്റാലിയൻ വ്യോമസേനയുടെ വിമാനത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഗാസയിൽ നിന്നുള്ള 14 കുട്ടികളെയും അവരുടെ സഹചാരികളെയും സ്വീകരിച്ചതിനെ അനുസ്മരിച്ചാണ് വിശുദ്ധനാടുകളുടെ കസ്റ്റോഡിയൻ എന്ന പേരിൽ നിയമിക്കപ്പെട്ടിരിക്കുന്ന ഫ്രാൻസിസ്കൻ വൈദികസമൂഹമായ ഫാ. ഇബ്രാഹിം നന്ദി അറിയിച്ചത്.
“പരിചരണം ആവശ്യമുള്ള രോഗികളെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് മാറ്റുക അത്ര എളുപ്പമല്ല. കാൻസർ രോഗമുള്ള കുട്ടികളെ മാറ്റുന്നത് കൂടുതൽ സങ്കീർണ്ണമാണ്. യുദ്ധം അവരിൽ നിന്ന് ജീവിക്കാനും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും കളിക്കാനുമുള്ള അവകാശം കവർന്നെടുത്തു. അതു നാം തിരികെ നൽകണം”- ഫാ. ഫാൽറ്റാസ് അഭിപ്രായപ്പെട്ടു.
ഇറ്റലിയുടെ ഉപപ്രധാനമന്ത്രിയും രാഷ്ട്രത്തിന്റെ വിദേശകാര്യ മന്ത്രിയുമായ അന്റോണിയോ തജാനി, റോമിലെ ലാ സപിയൻസാ സർവകലാശാലയുടെ റെക്ടർ അന്ന മരിയ ബെർണിനി, പലസ്തീനിലെ സഭാകാര്യങ്ങൾക്കായുള്ള ഉന്നത പ്രസിഡൻഷ്യൽ കമ്മിറ്റിയുടെ പ്രസിഡന്റ് ഡോ. റാംസി ഖൗറി എന്നിവരും കുട്ടികളെ സ്വീകരിക്കാൻ സന്നിഹിതരായിരുന്നു.